SignIn
Kerala Kaumudi Online
Friday, 13 September 2024 10.34 AM IST

'മുറിവി'ൽ മുളകുതേച്ചാൽ...

Increase Font Size Decrease Font Size Print Page
gouri-laskmi

ലച്ചിത്ര രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് വെട്ടിമുറിച്ചാണെങ്കിലും പുറത്തുവിടാൻ സർക്കാർ ഒരുങ്ങുമ്പോഴാണ് പ്രശസ്ത പിന്നണി ഗായിക ഗൗരിലക്ഷ്മിയുടെ ചില വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്. രണ്ടും തമ്മിൽ നേരിട്ടു ബന്ധമില്ലെങ്കിലും ഗൗരിയുടെ തുറന്നുപറച്ചിൽ വലിയ ചർച്ചയായി. ജീവിത്തിന്റെ പല ഘട്ടങ്ങളിൽ, ലൈംഗികതാത്പര്യത്തോടെ തനിക്കുനേരെ ഉയർന്ന കൈകളെപ്പറ്റിയാണ് ഗൗരിലക്ഷ്മിയുടെ വെളുപ്പെടുത്തൽ. പതിമൂന്നാം വയസിൽ ഗൗരി എഴുതി ചിട്ടപ്പെടുത്തിയ 'സഖിയേ...' എന്ന പാട്ട് പിന്നീട് മോഹൻലാലിന്റെ കാസനോവ എന്ന സിനിമയിലൂടെ ഹിറ്റായി മാറി. ഇതേ പ്രായത്തിൽ തന്നെയാണ് തന്റെ ശരീരത്തിൽ രണ്ടാമത്തെ മോശപ്പെട്ട സ്പർശനമുണ്ടായതെന്ന് വർഷങ്ങൾക്കുശേഷം ഗൗരി തുറന്നുപറയുന്നു. ബാല്യം മുതൽ ഒരു പെണ്ണിനുണ്ടായ ലൈംഗികാതിക്രമങ്ങൾ വിവരിക്കുന്ന പാട്ടാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത 'മുറിവ്' എന്ന ആൽബത്തിലുള്ളത്. പാട്ടിൽ പറയുന്നതെല്ലാം താൻ നേരിട്ട് അനുഭവിച്ച കാര്യങ്ങളാണെന്നും അത് എന്നു മനസിലെ മുറിവായി നിൽക്കുമെന്നുമാണ് ഗൗരിയുടെ വെളിപ്പെടുത്തിയത് വൻ ട്വിസ്റ്റായി. ഗാനരചനയും സംഗീതവും സംവിധാനവും പ്രധാന കഥാപാത്രമായതുമൊക്കെ ഗൗരിലക്ഷ്മി തന്നെ. ഒരു വർഷംമുമ്പ് പുറത്തിറക്കിയ പാട്ടിന്റെ ഭാഗങ്ങൾ ഈയിടെ ചാനൽ അഭിമുഖത്തിൽ കാണിച്ചതോടെയാണ് ട്രോളുകളും സൈബർ‌ അധിക്ഷേപവും വ്യക്തിഹത്യയും നിറഞ്ഞത്. പാട്ടിന്റെ പ്രമേയം, ചിത്രീകരണരീതി, ഈണം എല്ലാം ട്രോളുകളായി. വിശദീകരണം വന്നതോടെ ഗായികയ്ക്കും അവരുടെ സ‌ർഗസൃഷ്ടികൾക്കും സ്വീകാര്യതയേറെയാണ്.

'മുറിവി'ലൂടെ പറയുന്നത്

''എന്റെ പേര് പെണ്ണ്, എനിക്ക് വയസ്സ് 8-

സൂചികുത്താനിടമില്ലാത്ത ബസ്സിനുള്ളിലെന്റെ-

പൊക്കിൾ തപ്പി വന്നവന്റെ പ്രായം 40.''

പാട്ടിന്റെ ആദ്യവരിയിൽത്തന്നെ ഗൗരി പറയുന്നത് വ്യക്തമാണ്. ഈ പെണ്ണിന് പതിമൂന്നാം വയസിൽ ബന്ധുവീട്ടിൽവച്ച് ചെറുപ്പം മുതൽ അറിയാവുന്ന ആളിൽ നിന്ന് നേരിട്ട മോശം സ്പർശനമാണ് മറ്റൊരു പരാമർശവിഷയം. ഗായികയായ ശേഷം കരിയറിൽ ഉയർച്ച വാക്കുനൽകി പലരും സ്പർശിച്ചതടക്കമുള്ള കാര്യങ്ങളാണ് പാട്ടിന്റെ ഉള്ളടക്കം. എന്തിനിതെല്ലാം ഇപ്പോൾ വിളിച്ചുപറയുന്നുവെന്നും എല്ലാം പബ്ലിസിറ്റിയാണെന്നുമുള്ള ആരോപണങ്ങളാണ് ആദ്യമുയർന്നത്. അതിനുള്ള മറുപടി പാട്ടിന്റെ അവസാനഭാഗങ്ങളിൽത്തന്നെയുണ്ട്. ''നെഞ്ചിലാഞ്ഞുകേറിയീ തീക്കൊള്ളി കൊണ്ടീ മുറിവ്, നാളിതെത്ര പോയാലും മാഞ്ഞിടാത്ത മുറിവ്...'' എന്നാണ് പാട്ടു പറയുന്നത്. ഇത്തരം അനുഭവങ്ങൾ മനസിനെ അലട്ടിക്കൊണ്ടിരിക്കുകയാണെന്ന് ഗൗരി പിന്നീട് മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു. എട്ടാം വയസിൽ ഉണ്ടായ കാര്യമാണെങ്കിലും അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓർമയുണ്ടെന്ന് ഗൗരിലക്ഷ്മി വ്യക്തമാക്കി. ''വൈക്കത്തുനിന്ന് തൃപ്പൂണിത്തുറ ഹിൽപാലസിലേക്കാണ് പോകുന്നത്. ബസിൽ നല്ല തിരക്കുണ്ട്. അമ്മ എന്നെ സുരക്ഷിതയായി ഒരു സീറ്റിനിടയിലേക്ക് കയറ്റി നിർത്തി. തൊട്ടുപുറകിൽ ഇരിക്കുന്ന വ്യക്തി എന്റെ അച്ഛനെക്കാൾ പ്രായമുള്ള ആളാണ്. എന്റെ ടോപ്പ് പൊക്കി അയാളുടെ കൈ അകത്തേക്ക് പോകുന്നത് എനിക്ക് മനസിലായി. ജീവിതത്തിൽ ആദ്യമായിരുന്നു അങ്ങനെയൊരനുഭവം. ഞാൻ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. ഇത് പ്രശ്‌നം പിടിച്ച പരിപാടിയാണെന്ന് എനിക്ക് മനസിലായിരുന്നു.'' ഇതാണ് ഗൗരിയുടെ വാക്കുകൾ.
13-ാം വയസിലെ അനുഭവം മറ്റൊരു ഷോക്കായി. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. ചെറുപ്പം മുതലേ കാണുന്ന വ്യക്തി പിൻഭാഗത്ത് തട്ടി. അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങിയതോടെ താൻ ആ വീട്ടിൽ പോകാതെയായെന്നും ഗൗരിലക്ഷ്മി വെളിപ്പെടുത്തി.

ജെൻഡർ പ്രശ്‌നം

പാട്ടിന്റെ പേരിൽ, വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരേ ഉണ്ടായ സൈബർ ആക്രമണത്തിന്റെ അടിസ്ഥാന പ്രശ്‌നം ജെൻഡർ തന്നെയാണെന്ന് ഗൗരിലക്ഷ്മി പറയുന്നു. പാട്ടിൽ അശ്ലീലമില്ല. ആരുടേയും പേരുപറയുന്നില്ല. ഏതെങ്കിലും വിഭാഗത്തെ പൊതുവായി കുറ്റപ്പെടുത്തുന്നില്ല. എന്നിട്ടും ബുള്ളിയിംഗ് നേരിട്ടു. ഒരു സ്ത്രീ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യം ഉന്നയിച്ചു എന്ന രീതിയിലാണ് പലരും കാണുന്നത്. ഇത് ലിംഗ വിവേചനമാണെന്നും സമൂഹം ഏർപ്പെടുത്തുന്ന വിലക്കുകളുടെ മറ്റൊരു വേർഷനാണെന്നും ഗൗരി കരുതുന്നു. തന്റെ മറ്റൊരു പാട്ടിന്റെ തലക്കെട്ടു പോലെ 'ഈ നേരവും കടന്നു പോകും' എന്ന് തള്ളിക്കളയുകയാണ് ഈ കോലാഹലങ്ങളെ.

നിസ്സാരമെന്നു തോന്നാവുന്ന ദുരനുഭവങ്ങൾ മനുഷ്യനെ, പ്രത്യേകിച്ച് സ്ത്രീകളെ എത്ര കാലവും വേട്ടയാടുമെന്നതാണ് 'മുറിവ്' സൂചിപ്പിക്കുന്നത്. അന്നു ധരിച്ച വസ്ത്രം വരെ ഗൗരി ഓർത്തിരിക്കുന്നത് അനുഭവിച്ച ആഘാതം ഉപബോധമനസ്സിൽ അവശേഷിക്കുന്നതുകൊണ്ടാകാം. മാനസിക സംഘർഷങ്ങൾ പാട്ടിന്റെ രൂപത്തിലെങ്കിലും ഇറക്കിവച്ചതിന്റെ ആശ്വാസവും ഗായിക വ്യക്തമാക്കുന്നുണ്ട്. ഒരു നിമിഷം ചിന്തിക്കാൻ തയ്യാറാകാതെ, കണ്ടാലുടൻ നിറയൊഴിക്കുന്ന സമീപനമാണ് സൈബർ ലോകത്തുള്ളത്. ഈ സമീപനം മാറേണ്ടിയിരിക്കുന്നു. സോഷ്യൽ മീ‌ഡിയയിൽ മന്ദഗതിയിൽ നീങ്ങിയിരുന്ന പാട്ട് ഇപ്പോൾ വൈറലായിരിക്കുകയാണ്. മാത്രമല്ല, തന്റെ എല്ലാ പോസ്റ്റുകൾക്കും ഇപ്പോൾ ട്രാഫിക് കൂടിയെന്ന് ഗൗരിലക്ഷ്മി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് 'മുറിവ്' എന്ന ആൽബത്തിന് കിട്ടിയ നെഗറ്റീവ് പബ്ലിസിറ്റിയുടെ പാർശ്വഫലം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.