ബെർലിൻ : യൂറോ കിരീടത്തിൽ സ്പെയിനിന്റെ നാലാം മുത്തം. ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയം വേദിയായ ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ യൂറോ ചാമ്പ്യൻമാരായത്. നിക്കോ വില്യംസും മികേൽ ഒയർസബാലുമാണ് സ്പെയിനിന്റെ സ്കോറർമാർ. കോൾ പാൽമർ ഇംഗ്ലണ്ടിനായി ഒരു ഗോൾ മടക്കി. ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ തോൽവിയാണിത്. ഇത്തവണത്തെ യൂറോയിൽ ശൈലിമാറ്റവുമായി ഒരു പറ്റം യുവനിരയുമായെത്തിയ സ്പെയിൻ അർഹിച്ച കിരീടം തന്നയാണിത്. ആദ്യപകുതിയിൽ ഇരുടീമും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വലകുലുക്കാനായില്ല. ആദ്യ പകുതിയിൽ ആധിപത്യം സ്പെയിനായിരുന്നു. 70 ശതമാനമാണ് ഇടവേളയ്ക്ക് പിരിയുമ്പോൾ സ്പെയിനിന്റെ ബാൾ പൊസഷൻ. പാസിംഗിലും മുന്നിട്ടു നിന്ന അവർ 6 കോർണറുകളും നേടിയെടുത്തു.
പ്രതിരോധത്തിലും ഒപ്പം കൗണ്ടർ അറ്റാക്കിലുമായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രദ്ധ. തുടക്കം മുതലേ സ്പെയിൻ കളിയുടെ കടിഞ്ഞാൺ കൈക്കലാക്കി. 5-ാം മിനിട്ടിൽ സ്പെയിന് അനുകൂലമായി ആദ്യകോർണർ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടർന്നും സ്പാനിഷ് ടീം ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ മെനഞ്ഞു. ഇടതുവിംഗിൽ നിക്കോ വില്യംസായിരുന്നു മുന്നേറ്റങ്ങളുടെ പ്രധാന സൂത്രധാരൻ.ആദ്യ 15 മിനിട്ടിൽ 80 ശതമാനമായിരുന്നു സ്പെയിനിന്റെ ബാൾ പൊസഷൻ.
15-ാം മിനിട്ടിലാണ് ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നൊരു മികച്ച നീക്കം കാണുന്നത്. സാക്കയും കെയ്ൽ വാക്കറും ചേർന്ന് നടത്തിയ ആ മുന്നേറ്റം കോർണറിൽ അവസാനിച്ചു.
25-ാം മിനിട്ടിൽ ഡാനികാർവഹാലിനെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരികേൻ മഞ്ഞക്കാർഡ് കണ്ടു. 31-ാംമിനിട്ടിൽ ഡെക്ലാൻ റൈസിനെ ചലഞ്ച് ചെയ്തസ്പെയിനിന്റെ ഡാനി ഓൾമോയ്ക്കും മഞ്ഞക്കാർഡ് കിട്ടി. 34-ാംമിനിട്ടിൽ സ്പെയിന് തുടരെ രണ്ട് കോർണറുകൾ കിട്ടിയെങ്കിലും ഫലമില്ലാതെ പോയി. നിക്കോ വില്യംസ് വിംഗ് മാറിയും ഗ്രൗണ്ട് നിറഞ്ഞ് കളിച്ചു. തുടർന്നും ഇരുടീമും ഗോളിനായി നീക്കങ്ങൾ നടത്തിക്കൊണ്ടിരുന്നു. 42-ാംമിനിട്ടിൽ സ്പാനിഷ് ക്യാപ്ടൻ അൽവാരാ മൊറാട്ടയുടെ ഒറ്റയ്ക്കുള്ള നീക്കം ഇഗ്ലീഷ് പ്രതിരോധ നിര സമർത്ഥമായി തടഞ്ഞു .
ഒന്നാം പകുതിയുടെ അവസാന നിമിഷം ഇംഗ്ലീഷ് ബോക്സിന് തൊട്ടു വെളിയിൽ നിന്ന് ഇംഗ്ലണ്ടിന് ഫ്രീകിക്ക് കിട്ടി. റൈസെടുത്ത ഫ്രീകിക്കിൽ നിന്ന് കിട്ടിയ പന്ത് പോസ്റ്റിനരികിൽ നിന്ന് ഫോഡൻ ഗോളിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും സ്പാനിഷ് ഗോളി ഉനെ സിമോൺ കൈപ്പിടിയിലൊതുക്കി.
രണ്ടാം പകുതിയുടെതുടക്കത്തിൽ തന്നെ നിക്കോ വില്യംസ് സ്പെയിനിനെ മുന്നിൽ എത്തിച്ചു. 47-ാം മിനിട്ടിൽ കൗമാര താരം ലമിൻ യമാലിന്റെ പാസിൽ നിന്നാണ് മാർക്ക് ചെയ്യപ്പെടാതെ നിന്ന നിക്കോ വലകുലുക്കിയത്. 53-ാം മിനിട്ടിൽ സുബിമെൻഡിയെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന്റെ ജോൺ സ്റ്റോൺസ് മഞ്ഞ കണ്ടു.സപെയിനിന്റെ തുടരാക്രമണങ്ങൾക്കിടെ തരിച്ചടിക്കാൻ ജൂഡ് ബെല്ലിംഗ്ഹാമിന്റെയും ഫോഡന്റെയും നേതൃത്വത്തിൽ ഇംഗ്ലണ്ടും ഇരച്ചെത്തി. 66-ാം മിനിട്ടിൽ യമാലിന്റെ ഗോളെന്നുറച്ച ഷോട്ട് ഇംഗ്ലീഷ് ഗോളി പിക്ഫോർഡ് തട്ടിയകറ്റി.
കോബി മൈനോയ്ക്ക് പകരം 70-ാം മിനിട്ടിൽ കളത്തിലെത്തിയ കോൾ പാൽമർ 73-ാം മിനിട്ടിൽ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ വന്നത്. സാക്ക ബോക്സിലേക്ക് നൽകിയ പന്ത് വൺടച്ച് പാസിലൂടെ ജൂഡ് പാൽമർക്ക് മറിച്ചു. ബോക്സിന് തൊട്ടുവെളിയിൽ നിന്ന് പാൽമർ തൊടുത്ത നിലം പറ്റെയുള്ല ലോംഗ് റേഞ്ചർ സിമോമണെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് കയറി. 81-ാംമിനിട്ടിൽ യമാലിന്റെ ക്ലോസ് റേഞ്ച് ശ്രമത്തിന് മുന്നിൽ പിക്പോർഡ് വന്മതിലായി. 86-ാം മിനിട്ടിൽ ഒയർസബാൽ സ്പെയിനിന്റെ വിജയമുറപ്പിച്ച ഗോൾ നേടി.കുക്കുറെല്ലയുടെ പാസിൽ നിന്നായിരുന്നു ഒയർസബാലിന്റെ തകർപ്പൻ ഫിനിഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |