തിരുവനന്തപുരം: എഫ്.സി.ഐ ഗോഡൗണുകളിൽ അധികമുള്ള ധാന്യങ്ങൾ കുറഞ്ഞ വിലയ്ക്കു മൊത്ത വ്യാപാരികൾക്കു നൽകുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം (ഒ.എം.എസ്.എസ്) ലേലത്തിൽ പങ്കെടു ക്കാൻ സപ്ലൈകോയ്ക്ക് വീണ്ടും അവസരം. ഇതോടെ സപ്ലൈകോയിലെ അരിക്ഷാമത്തിന് പരിഹാരമാകും.
ഒന്നരവർഷം മുമ്പാണ് എഫ്.സി.ഐ ഇ ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്നു സപ്ലൈകോയെ അകാരണമായി വിലക്കിയത്. മന്ത്രി ജി.ആർ.അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് വിലക്ക് നീക്കിയത്.
എഫ്.സി.ഐയുടെ ഒ.എം.എസ്.എസ് വഴി കിലോഗ്രാമിന് 24-25 രൂപ നിരക്കിൽ അരി ലഭ്യമാകും. ഇപ്പോൾ സ്വകാര്യമില്ലുടമകളിൽ നിന്നു 34-35 രൂപയ്ക്കാണ് സപ്ലൈകോ അരി വാങ്ങുന്നത്. സബ്സിഡി നിരക്കിലെ അരി വില്പന മട്ട, കുറവ അരി 30 രൂപയ്ക്കും 'ജയ' 29 രൂപയ്ക്കുമാണ്. സബ്സിഡി കുടിശ്ശിക സർക്കാർ അനുവദിക്കാതായതോടെ സബ്സിഡി അരി വിതരണവും കുറഞ്ഞിരുന്നു. ഒരു കിലോഗ്രാം അരിക്ക് 5 രൂപവരെ നഷ്ടം സഹിച്ച് വില്പന നടത്താൻ ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ സപ്ലൈകോയ്ക്ക് കഴിയാത്തതായിരുന്നു കാരണം. എഫ്.സി.ഐയിൽ നിന്ന് അരി എത്തുന്നതോടെ ഈ അവസ്ഥ മാറും.
അരിക്കൊപ്പം ഗോതമ്പും എഫ്.സി.ഐയിൽ നിന്നു ലഭ്യമാകുന്നതോടെ ആട്ട വിതരണത്തിലെ കുറവും നികത്താനാകും. വിതരണക്കാർക്ക് 650 കോടിയോളം രൂപ കുടിശ്ശികയായതു കാരണം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അരി എത്തുന്നത് നിലച്ചിരുന്നു.
ഉത്സവ സ്പെഷ്യൽ അരി
സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള കാർഡ് ഉടമകൾക്ക് കേന്ദ്രം നൽകുന്ന പ്രത്യേക റേഷൻ അരി വിഹിതം (ടൈഡ് ഓവർ) അതതു മാസം വിതരണം ചെയ്യണമെന്ന വ്യവസ്ഥയിലും (സീലിംഗ്) ഇളവു ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ജി.ആർ.അനിലിനെ കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. പ്രതിമാസ സീലിംഗ് എന്നത് മൂന്നു മാസത്തെ സീലിംഗ് ആക്കി മാറ്റുമ്പോൾ, സൂക്ഷിച്ചു വയ്ക്കുന്ന അരി ഉത്സവസീസണുകളിൽ സ്‌പെഷ്യൽ റേഷൻ വിഹിതമായി നൽകാം.ടൈഡ് ഓവറിലെ 6,450 മെട്രിക് ടൺ ഗോതമ്പ് പുനഃസ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാൽ നീല, വെള്ള കാർഡ് ഉടമകൾക്ക് ആട്ട വിതരണവും പുനരാരംഭിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |