ആലുവ: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ ബഷീറിന്റെ ആലുവയിലെ കാർബൺ കമ്പനി പുനരാരംഭിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കമ്പനി പുനരാരംഭിക്കാനായി ഇവിടുത്തെ കീഴ്മാട് ഗ്രാമപഞ്ചായത്ത് നൽകിയ അനുമതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സമരം നടത്താൻ ഒരുങ്ങുകയാണ് എടയപുരം കാർബൺ കമ്പനി വിരുദ്ധ ജനകീയ സമിതി രൂപീകരണ യോഗം. സി.പി.എം പ്രതിനിധി വാർഡ് മെമ്പർ കാജ മൂസയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയുടെ പേരിലാണ് കമ്പനി.
ഇക്കാര്യത്തിൽ പാർട്ടിയിലും ഭിന്നത രൂക്ഷമാണ്. വിഷയത്തിൽ പ്രതിഷേധിക്കുന്ന സി.പി.എം. വാർഡ് മെമ്പർ കാജ മൂസയെ കൂടാതെ, ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിലും ഇക്കാര്യത്തിൽ കടുത്ത എതിർപ്പുണ്ട്. കമ്പനിക്ക് അനുമതി നൽകുന്ന കാര്യം ബഷീർ കൂടി അംഗമായ ഏരിയ കമ്മിറ്റിക്ക് വിട്ടിരുന്നു . കമ്മിറ്റിയിൽ ഏരിയ സെക്രട്ടറി എ.പി ഉദയകുമാറാണ് ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ട ശേഷം ഉപാധികളോടെ ലൈസൻസ് നൽകാൻ തീരുമാനിച്ചത്.
തുടർന്ന് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ഈ തീരുമാനം റിപ്പോർട്ട് ചെയ്തു. ഏരിയ കമ്മിറ്റിയിൽ ബഷീറിന് അനുകൂലമായാണ് പാർട്ടി തീരുമാനം എടുത്തതെങ്കിലും പാർട്ടിയിൽ കമ്പനിക്കെതിരായ നിലപാട് സ്വീകരിച്ചവർ ഇപ്പോഴും പിന്നോട്ട് പോയിട്ടില്ല. ഇവരിൽ മൂസ മാത്രമാണ് വിഷയത്തിൽ പരസ്യമായി നിലപാടെടുത്തത്. കമ്പനി മൂലം മലിനീകരണം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടാൽ പാർട്ടി തന്നെ കമ്പനി പൂട്ടിക്കുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുള്ളതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |