SignIn
Kerala Kaumudi Online
Friday, 19 July 2024 11.03 PM IST

12 നഗരങ്ങളിൽ കൊച്ചിയും ഉൾപ്പെട്ടിട്ടുള്ളതിനാൽ വിശദപഠനവേണം, നാസയുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് റിപ്പോർട്ട്

kochi

തിരുവനന്തപുരം: കടുത്ത ജീവിത പ്രതിസന്ധി നേരിടുന്ന മത്സ്യതൊഴിലാളി സമൂഹത്തെ വികസനത്തിന്റെ പേരില്‍ ചൂഷണം ചെയ്യാനാണ് വിഴിഞ്ഞം പദ്ധതിയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് യുഡിഎഫ് ഉപസമിതി റിപ്പോർട്ട്. അതുകൊണ്ടു തന്നെ വികസന പദ്ധതികളെ മത്സ്യതൊഴിലാളികള്‍ സംശയത്തോടും ഭയത്തോടും കൂടിയാണ് വീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് നിര്‍ദ്ദിഷ്ട തീരദേശ ഹൈവേ പദ്ധതി പരിശോധിക്കപ്പെടേണ്ടതെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.

വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. വികസനത്തിന്റെ പേരില്‍ പാവങ്ങളെ ചൂഷണം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ നടപടികളെയാണ് യു.ഡി.എഫ് എതിര്‍ക്കുന്നതെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.


തീരദേശ ഹൈവേ ആവശ്യമോ?

ആറു വരിയാക്കാനുള്ള പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന എന്‍.എച്ച് 66 ഭൂരിഭാഗം പ്രദേശങ്ങളിലും കടല്‍ത്തീരത്തോടു ചേര്‍ന്നാണ് കടന്നു പോകുന്നത്. 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെയാണ് കടലില്‍ നിന്നുളള ദൂരം. ഫലത്തില്‍ എന്‍.എച്ച് 66 എന്നത് തീരദേശ ഹൈവേ തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ മറ്റൊരു തീരദേശ ഹൈവേയുടെ ആവശ്യകത മനസിലാകുന്നില്ല.

പദ്ധതി രേഖയും പഠനവുമില്ല

ശാസ്ത്രീയമായി പദ്ധതിരേഖ തയാറാക്കിയ ശേഷമാണ് ഏതൊരു വികസന പദ്ധതിയും ആരംഭിക്കേണ്ടത്. എന്നാല്‍ ഈ പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുകയോ ഡി.പി.ആര്‍ തയാറാക്കുകയോ ചെയ്തിട്ടില്ല.


പ്രായോഗികത?

ഡി.പി.ആര്‍ പോലുമില്ലാത്ത പദ്ധതിയുടെ പ്രായോഗികതയും ശാസ്ത്രീയതയും സംശയത്തിന്റെ നിഴലിലാണ്.

ഫറൂക്കില്‍ നിന്നും മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളി ഗ്രാമങ്ങളായ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍, ചമ്രവട്ടം പാലം വഴി കുറ്റിപ്പുറത്തേക്ക് നിലവില്‍ റോഡുണ്ട്. താനൂരില്‍ ഈ റോഡും തീരവും തമ്മിലുള്ള അകലം 1.5 കിലോമീറ്റര്‍ മാത്രമാണ്. ഈ ദൂരത്തിനുള്ളില്‍ കനോലി കനാലുമുണ്ട്. ഇത് കൂടാതെ തീരത്ത് നിന്നും 200 മീറ്റര്‍ അകലെയായി മലപ്പുറം ജില്ലയുടെ എല്ലാ തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ടിപ്പു സുല്‍ത്താന്‍ റോഡുമുണ്ട്.

ടിപ്പു സുല്‍ത്താന്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റര്‍ അകലത്തില്‍ ഏറ്റവും ജനനിബിഡമായ തീരദേശത്തു കൂടിയാണ് നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും കടന്നുപോകുന്നത്.

പാരിസ്ഥിതിക ആഘാതം

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 12 നഗരങ്ങള്‍ മൂന്നടി വരെ വെള്ളത്തിനടിയിലാകുമെന്നാണ് ഐ.പി.സി.സി റിപ്പോര്‍ട്ട് വിശകലനം ചെയ്തുകൊണ്ട് നാസ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതില്‍ കൊച്ചിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അതിലോല തീരപ്രദേശത്ത് കൂടിയുളള നിര്‍ദ്ദിഷ്ട ഹൈവേ പാരിസ്ഥിതികമായി ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയെ കുറിച്ച് വിശദ പഠനം ആവശ്യമാണ്.

ഭാരമേറിയ വാഹനങ്ങള്‍ സഞ്ചരിക്കണമെങ്കില്‍ ആഴത്തിലുള്ള സബ് സ്ട്രക്ച്ചര്‍ നിര്‍മ്മിക്കേണ്ടി വരും. ഇത് മഴവെള്ളം സ്വാഭാവികമായി കടലിലേക്ക് എത്തുന്നതിനെ തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് തീരദേശ ഹൈവേയുടെ കിഴക്കന്‍
പ്രദേശങ്ങളില്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കും.

ടൂറിസം മാത്രം ലക്ഷ്യമിട്ട് മത്സ്യതൊഴിലാളികളുടെ ആവാസ വ്യവസ്ഥയും ഉപജീവനവും ഇല്ലാതാക്കുന്ന പദ്ധതി സൃഷ്ടിക്കുന്ന സാമൂഹിക ആഘാതം വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. ഈ സാഹചര്യത്തിലും സാമൂഹിക ആഘാത പഠനം നടത്താതെ ഭൂമി ഏറ്റെടുക്കലിലേക്ക് നീങ്ങിയത് നിയമ വിരുദ്ധവും സംശയകരവുമാണ്.

നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കല്‍

യു.പി.എ സര്‍ക്കാര്‍ 2013-ല്‍ നടപ്പാക്കിയ റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഭൂമിയുടെയും വീടിന്റെയും വില നിര്‍ണയം അതിന് ബാധകമല്ലെന്നുമുണ്ട്. സെക്ഷന്‍ 108 പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ മറയിലാണ് ഈ ദുരൂഹ നടപടി. ഭൂമിയേറ്റെടുക്കലിന് മെച്ചപ്പെട്ട Compensation സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോഴും ഏതു വേണമെന്നു തീരുമാനിക്കാനുള്ള അവകാശം സെക്ഷന്‍ 108 പ്രകാരം ഭൂമി വിട്ടുനല്‍കുന്ന മത്സ്യതൊഴിലാളികളില്‍ നിക്ഷിപ്തമാണ്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഉത്തരവ് മത്സ്യതൊഴിലാളികളുടെ നഷ്ടപരിഹാരം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണ്. കുടിയിറക്കപ്പെടുന്നവര്‍ക്ക് 600 ചതുരശ്ര അടിയുളള ഫ്‌ളാറ്റോ 13 ലക്ഷം രൂപയോ നല്‍കും എന്നാണ് ഉത്തരവില്‍ പറയുന്നത്. മികച്ച പാക്കേജ് ലഭ്യമാകുന്ന കേന്ദ്ര
നിയമത്തിന്റെ വ്യവസ്ഥകളെ തന്നെ വളച്ചൊടിച്ച് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നത് നിയമവിരുദ്ധവും ഉപജീവനമാര്‍ഗം നിഷേധിക്കുന്നത് തൊഴിലാളി വിരുദ്ധവുമാണ്.

മലപ്പുറം ജില്ലയില്‍ ഉണ്ണിയാല്‍ മുതല്‍ ബുഹാള്‍ വരെ 12 കിലോമീറ്റര്‍ തീരദേശ ഹൈവേയ്ക്കായി 9.46 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് വകയിരുത്തിയത് വെറും 41.54 കോടി രൂപയാണ്. അതായത് വീടും സ്ഥലവും ഉള്‍പ്പെടെ നഷ്ട പരിഹാരം 1.75 ലക്ഷം രൂപ മാത്രം.


യു.ഡി.എഫിന്റെ ബദല്‍ നിര്‍ദേശങ്ങള്‍

1) മത്സ്യതൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശങ്ങളുടെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുക. നിലവിലെ തീരദേശ ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കണമെങ്കില്‍ കുടിയൊഴിപ്പിക്കല്‍ പരിമിതപ്പെടുത്തിയും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് 2013-ലെ നിയമപ്രകാരമുള്ള എല്ലാ നഷ്ടപരിഹാര അവകാശങ്ങളും ഉറപ്പാക്കിയും കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അതത് പ്രദേശങ്ങളില്‍ സുരക്ഷിതമായ പുനരധിവാസം ഉറപ്പു വരുത്തിയുമായിരിക്കണം.

2) ഇപ്രകാരം വികസിപ്പിക്കുന്ന തീരദേശ റോഡുകളെ നിലവിലെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ കൂടി ദേശീയപാത നിലവാരത്തില്‍ വികസിപ്പിക്കുക. (മത്സ്യവിഭവങ്ങള്‍ ഏറ്റവും വേഗം കമ്പോളത്തില്‍ എത്തിക്കാന്‍ സഹായകരമാകുന്ന വിധം)

3) മൂന്ന് പതിറ്റാണ്ടുകളായി കോടികള്‍ ചെലവഴിച്ചിട്ടും ദേശീയ ജലപാത വികസനം ഇന്നും സ്വപ്നമായി നിലനില്‍ക്കുകയാണ്. ഈ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ചരക്കു ഗതാഗതം ചുരുങ്ങിയ ചെലവില്‍ സാധ്യമാകും. ടൂറിസം മേഖലയ്ക്കും വലിയ കുതിച്ചു ചാട്ടമുണ്ടാകും. എന്നാല്‍ പദ്ധതി ആവശ്യപ്പെടുന്ന പ്രകാരമുള്ള ടെര്‍മിനലുകളുടെ നിര്‍മ്മാണങ്ങളോ, ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനമോ എങ്ങുമെത്തിയിട്ടില്ല. അടിയന്തിരമായി ഇതൊക്കെ പൂര്‍ത്തികരിച്ചാല്‍ മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിക്കുന്ന തീരദേശ ഹൈവേ ഉപേക്ഷിക്കാവുന്നതാണ്.

4) സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സൈക്കിള്‍ ട്രാക്കുകള്‍ മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാതെ തന്നെ കടല്‍ ഭിത്തിയോട് ചേര്‍ന്ന് നിര്‍മ്മിക്കാവുന്നതാണ്.


മത്സ്യതൊഴിലാളികള്‍ നേരിടുന്ന കടലാക്രമണം തടയുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയമായ തീര സംരക്ഷണ പദ്ധതികളില്‍ സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ ചെലുത്തേണ്ടത്. ഇതിനായി സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയുള്ള സ്‌പെഷല്‍ പാക്കേജ് നടപ്പാക്കുന്നതിന് പകരം തീരദേശ ഹൈവേയുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതിവിദൂരമല്ലാതെ കേരളത്തിലെ മത്സ്യ തൊഴിലാളി സമൂഹം തന്നെ ഓര്‍മ്മയായി മാറുമെന്നും ഉപസമിതി റിപ്പോർട്ട് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF SAMITHI REPORT, KERALA, HIGHWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.