വയനാട്: യുവതിയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് കൈതപ്പോയില്‍ സ്വദേശി ആഷിക് (29) ആണ് അറസ്റ്റിലായത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ചാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മേപ്പാടി പൊലീസ് പിടികൂടിയത്. വിദേശത്തുള്ള പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2022ലാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പത്ത് ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. കുട്ടിയുടെ അച്ഛന്റെ വാട്‌സാപ്പിലേക്കും ഇവരുടെ ഒരു കുടുംബസുഹൃത്തിന്റെ നമ്പറിലേക്കുമാണ് ചിത്രം അയച്ചത്. പണം നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് വയനാട് സ്വദേശിയായ പെണ്‍കുട്ടി മേപ്പാടി പൊലീസ് സ്റ്റേഷനില്‍ തെളിവ് സഹിതം പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഷിക് എത്തിയപ്പോള്‍ വിമാനത്താവള അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |