കൊച്ചി: പനി പടരുമ്പോൾ ജില്ലയ്ക്ക് ആശങ്കയായി എച്ച് വൺ എൻ വണ്ണും. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടർന്നു പിടിക്കുന്നതിനിടെയാണ് എച്ച്.വൺ എൻ.വൺ ബാധിച്ച് കഴിഞ്ഞ ദിവസം നാലു വയസുകാരൻ മരിച്ചത്. സമീപകാലത്ത് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ എച്ച്.വൺ എൻ.വൺ മരണമാണിത്. മലപ്പുറത്ത് ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചിരുന്നു.
എച്ച്.വൺ എൻ.വൺ ലക്ഷണങ്ങളോടെ 134 പേരാണ് ഈ വർഷം ജില്ലയിൽ ചികിത്സതേടിയത്. 11 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർ മരണപ്പെട്ടു. ജനങ്ങൾ ജാഗ്രതയോടെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ കർശന നിർദ്ദേശം.
സാധാരണ ജലദോഷപ്പനി രണ്ട് ദിവസത്തിനുള്ളിൽ കുറഞ്ഞില്ലെങ്കിലോ പനി കൂടുകയോ ആണെങ്കിലും ശ്വാസംമുട്ട്,നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ വിദഗ്ദ്ധ ചികിത്സ തേടണമെന്നാണ് നിർദേശം. ചികിത്സ വൈകുന്നത് രോഗം ഗുരുതരമാക്കുമെന്നും, മരണം വരെ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.
എച്ച്.വൺ എൻ.വൺ
എച്ച്.വൺ എൻ.വൺ
ഇൻഫ്‌ളുവെൻസ എ എന്ന ഗ്രൂപ്പിൽപ്പെട്ട വൈറസാണ് എച്ച്.വൺ.എൻ.വൺ. വായുവിലൂടെയാണ് പകരുക. സാധാരണ വൈറൽ പനിയുടേതു പോലെയുള്ള ലക്ഷണങ്ങളാണ് എച്ച്.വൺ എൻ.വണ്ണിനുള്ളത്. ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്.
ലക്ഷണങ്ങൾ
പനി, ശരീരവേദന
തൊണ്ടവേദന, തലവേദന
കഫമില്ലാത്ത വരണ്ട ചുമ
ക്ഷീണവും വിറയലും
ചിലപ്പോൾ ഛർദിയും വയറിളക്കവും
ഹൈറിസ്‌ക് ഗ്രൂപ്പ്
അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ
65 വയസിനു മുകളിലുള്ളവർ
ഗർഭിണികൾ
മറ്റു ഗുരുതരമായ രോഗമുള്ളവർ (ഉദാ: ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, തലച്ചോറിനുള്ള രോഗങ്ങൾ, പ്രമേഹം എന്നിവ)
രോഗ പ്രതിരോധശേഷി കുറഞ്ഞവർ (ഉദാ: എച്ച്.ഐ.വി. എയ്ഡ്‌സ്, അവയവങ്ങൾ മാറ്റിവച്ചവർ, ക്യാൻസറിന് ചികിത്സ ചെയ്യുന്നവർ).
മുൻകരുതലുകൾ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക.
കൈകൾ ഇടവിട്ട് സോപ്പുപയോഗിച്ച് കഴുകുക.
രോഗലക്ഷണങ്ങളുള്ളവർ തിരക്കേറിയ സ്ഥലങ്ങളിൽ പോകരുത്.
സാധാരണ മാറുന്ന സമയം കൊണ്ട് പനി മാറിയില്ലെങ്കിൽ ചികിത്സ തേടണം.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ എച്ച്.വൺഎൻ.വൺപനിക്കെതിരായ ചികിത്സ ആരംഭിക്കണം.
രോഗബാധയുള്ളവർ സ്‌കൂൾ, ഓഫീസ്,എന്നിവിടങ്ങളിൽ നിന്ന് വിട്ടു നിൽക്കണം.
ജില്ലയിൽ എച്ച്.വൺ എൻ.വൺ @ 2024
ചികിത്സ തേടിയവർ- 134
സ്ഥിരീകരിച്ചത് - 11
മരണം - മൂന്ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |