ഒറ്റപ്പാലം: മായന്നൂർ പാലത്തിന് സമീപം ഭാരതപ്പുഴയിൽ തമിഴ്നാട് സ്വദേശി പത്മനാഭനെ (41) ആക്രമിച്ച കേസിൽ അഞ്ചു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. തമിഴ്നാട് കരൂർ കൃഷ്ണരായിപുരം മുതലിയാർ സ്ട്രീറ്റിൽ പത്മനാഭനെ വെട്ടിയും കുത്തിയും പരുക്കേൽപ്പിച്ച കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണത്തിൽ മൂന്നുപേർക്ക് നേരിട്ട് പങ്കാളിത്തം ഉണ്ടെന്നും, മറ്റു രണ്ടു പേർ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൂടെയുണ്ടായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുള്ളത്. പത്മനാഭൻ ഒറ്റപ്പാലത്തേക്ക് പുറപ്പെട്ട അതേ ട്രെയിനിൽ പാലക്കാട്ടു നിന്നാണ് അഞ്ചംഗ അക്രമസംഘം കയറിയതെന്ന് നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. പത്മനാഭനൊപ്പം ഇവരും ഒറ്റപ്പാലത്ത് ട്രെയിനിറങ്ങി. പുഴയിലേക്ക് കുളിക്കാൻ ഇറങ്ങിയ പത്മനാഭനെ സംഘം പിന്തുടർന്നശേഷം ആക്രമിക്കുകയായിരുന്നു. പ്രതികൾ തമിഴ്നാട്ടുകാരാണെന്നും ക്വട്ടേഷൻ ഇടപാട് ആണെന്നുമാണ് പൊലീസ് നിഗമനം. സംഘത്തിൽ ഉൾപ്പെട്ട യുവാക്കളെ പത്മനാഭനെ നേരിട്ട് പരിചയമില്ല. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. വ്യാഴാഴ്ചകളിൽ നടക്കാറുള്ള വാണിയംകുളം കന്നുകാലി ചന്തയിൽ സ്ഥിരമായി എത്തുന്ന പത്മനാഭന് കേരളത്തിൽ കാര്യമായ ശത്രുക്കൾ ഇല്ലെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചന്തയിലേക്ക് കച്ചവടത്തിനായി ഒറ്റപ്പാലത്ത് ട്രെയിൻ ഇറങ്ങി ഭാരതപ്പുഴയിൽ രാവിലെ ഏഴരയ്ക്ക് കുളിക്കാൻ ഇറങ്ങിയ നേരത്തായിരുന്നു ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |