പരിയാരം: കനത്ത മഴയെ തുടർന്ന് നിർമ്മാണം നടക്കുന്ന ആറുവരി ദേശീയപാതയിൽ പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരമായില്ല. വിളയാങ്കോട്ട് പെട്രോൾ പമ്പിന് സമീപത്തും പരിയാരം മെഡിക്കൽ കോളേജ് കുളപ്പുറം റോഡിലും സമീപമുള്ള ദേശീയപാതയിലും വെള്ളക്കെട്ട് മൂലം വാഹനഗതാഗതതടസം രൂക്ഷമാണ്.
ദിവസങ്ങളായി ഗതാഗത തടസം തുടരുന്ന പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിന് മുന്നിൽ ടാങ്കറിലേക്ക് പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും മഴ പൂർണമായി മാറാത്തതിനാൽ പരിഹാരമായില്ല. സമാന്തരമായി ഒഴുകുന്ന അലക്യംതോട് പല സ്ഥലത്തും മൂടിയതോടെയാണ് പരിയാരം ദേശീയ പാതയിലും കുളംപ്പുറത്തേക്കുള്ള പാലത്തിലും വെള്ളം കയറിയത്. പാലത്തിന്റെ ഉയരം കൂട്ടാതെ ഇവിടെവെള്ളക്കെട്ടിനും പരിഹാരം കാണാനാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വിളയങ്കാട് മുതൽ ഏമ്പേറ്റ് വരെ ദുരിതം
വിളയാങ്കോട് മുതൽ പരിയാരം ഏമ്പേറ്റ് വരെ പല സ്ഥലങ്ങളിലും ചെറുതും വലുതുമായ വെള്ളക്കെട്ടുകൾ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സമാനതകളില്ലാത്ത ദുരിതമാണ് ഉണ്ടാക്കുന്നത്. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ദേശീയപാതാ അധികൃതരുമായും നിർമ്മാണ കമ്പനിയുമായും ബന്ധപ്പെട്ട് വെള്ളക്കെട്ടിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |