തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ സമയബന്ധിതമായ സേവനം ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ചുള്ള നിയമം നിലവിലുണ്ടെങ്കിലും അപേക്ഷകളിൽ തീരുമാനം വൈകിപ്പിച്ച് ഉപഭോക്താക്കളെ വലച്ച് ആറ്റിപ്ര വില്ലേജ് ഓഫീസ്. പോക്കുവരവ്, കൈവശാവകാശം, ആധാരപ്പകർപ്പ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെയുള്ള സേവനങ്ങളാണ് വൈകിപ്പിക്കുന്നത്. അഴിമതിയില്ലാതാക്കാൻ സേവനങ്ങൾക്കുള്ള അപേക്ഷകൾ സർക്കാർ ഓൺലൈനാക്കിയിരുന്നു. ഓൺലൈൻ സേവന പോർട്ടലുകൾ അട്ടിമറിച്ചാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ കോഴയ്ക്ക് കളമൊരുക്കുന്നത്. ഓൺലൈൻ അപേക്ഷ നൽകിയവരെയും വിവിധ രേഖകളാവശ്യപ്പെട്ട് വില്ലേജ് ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നതാണ് ആറ്റിപ്രയിലെ പതിവെന്ന് നാട്ടുകാർ പറയുന്നു.
ഓഫീസിന്റെ ചുമതലയുള്ളവരുടെ പൊലീസ് മുറയിലെ ചോദ്യംചെയ്യൽ പേടിപ്പെടുത്തുന്നതായും അപേക്ഷകർ പറയുന്നു.സ്ഥലപരിശോധന വൈകിപ്പിച്ചും രേഖകൾ ആവശ്യപ്പെട്ടുമൊക്കെയാണ് തീരുമാനം വൈകിപ്പിക്കുന്നത്. ഇത് മുതലെടുത്ത് കോഴയിടപാടിന് കളമൊരുക്കുന്ന മാഫിയയും വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു.
ഏറ്റവുമധികം അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന വകുപ്പാണ് റവന്യൂ. എല്ലാ ഓഫീസുകളും സേവനങ്ങളും ഓൺലൈനായിട്ടില്ലെന്ന പഴുത് മുതലെടുത്താണ് നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നത്. റവന്യൂവകുപ്പിൽ 21സേവന പോർട്ടലുകളുണ്ട്. ആകെയുള്ള 1666 വില്ലേജ് ഓഫീസുകളിലെയും സേവനങ്ങളെല്ലാം ഓൺലൈനായിട്ടില്ല. ഇതാണ് അഴിമതിക്കാർ മുതലെടുക്കുന്നത്. പല ഓഫീസുകളിലും ഓൺലൈൻ സേവനങ്ങൾ മനഃപൂർവം കേടാക്കുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
ഒരു പ്രത്യേക തരം ഹോബി
ആറ്റിപ്ര, കുളത്തൂർ, മൺവിള, പുല്ലുകാട്, കോലത്തുകര, തൃപ്പാദപുരം, കല്ലിംഗൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് വിവിധ റവന്യൂ സേവനങ്ങൾ തേടി ആറ്റിപ്ര വില്ലേജ് ഓഫീസിലെത്തുന്നത്. നാലും അഞ്ചും ആഴ്ചയായാലും പരാതികളിൽ തീർപ്പുണ്ടാവില്ല. സേവനങ്ങൾക്കായി രാവിലെ ഓഫീസിലെത്തുന്നവരെ വൈകിട്ടുവരെ കാത്തുനിറുത്തുകയും അടുത്ത ദിവസം വരാൻ നിർദ്ദേശിച്ച് മടക്കുകയുമാണ് പതിവെന്നാണ് ആക്ഷേപം.
സേവനാവകാശ നിയമം
നോക്കുകുത്തി
സേവനാവകാശനിയമം 2012മുതൽ പ്രാബല്യത്തിലുണ്ട്.3മുതൽ 15ദിവസമാണ് സേവനത്തിനുള്ള സമയപരിധി.വൈകുന്ന ഓരോ ദിവസത്തിനും 500രൂപ ഉദ്യോഗസ്ഥർ പിഴ നൽകണം. ഇതൊരിടത്തും പാലിക്കാറില്ല.അഴിമതിനിരോധന നിയമപ്രകാരം 3 മുതൽ 7വർഷം വരെയാണ് തടവുശിക്ഷ. അഴിമതിമൂലമുണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി പിഴയുമുണ്ട്.
1028 സർക്കാർ ജീവനക്കാരാണ് 5വർഷത്തിനിടെ കോഴക്കേസിൽ പ്രതികളായത്
അഴിമതി കുറഞ്ഞാൽ പോരാ, ഇല്ലാതാകണം.ജനസേവനത്തിന് എന്തെങ്കിലും കൈപ്പറ്റാമെന്ന് ഉദ്യോഗസ്ഥർ കരുതരുത്.
മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |