41 ശതമാനം വർദ്ധന
കൊച്ചി: ചെറുമീൻ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗൽ സൈസ് (എം.എൽ.എസ്) നിയന്ത്രണം നടപ്പിലാക്കിയതിന് ശേഷം കേരള തീരത്ത് കിളിമീൻ ഉത്പാദനം 41 ശതമാനം വർദ്ധിച്ചു. നിരോധനത്തിന് ശേഷം കിളിമീനുകളുടെ എണ്ണത്തിലും ലഭ്യതയിലും വർദ്ധനവുണ്ടായെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പഠന റിപ്പോർട്ട്. കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ സി.എം.എഫ്.ആർ.ഐയിൽ സംഘടിപ്പിച്ച ഗുണഭോക്തൃ ശില്പശാലയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ ഗവേഷണഫലങ്ങൾ മത്സ്യത്തൊഴിലാളികളുമായും അനുബന്ധമേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച ചെയ്യുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.എം. നജ്മുദ്ധീൻ ഗവേഷണഫലങ്ങൾ അവതരിപ്പിച്ചു. മറൈൻ ബയോഡൈവേഴ്‌സിറ്റി ആൻഡ് എൺവയൺമെന്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. ഗ്രിൻസൻ ജോർജ് അദ്ധ്യക്ഷനായി. ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ.എ.പി. ദിനേശ്ബാബു, ഡോ. വി.വി.ആർ സുരേഷ്, ഡോ.ആർ. വിദ്യ, ഡോ. ലിവി വിൽസൺ എന്നിവർ സംസാരിച്ചു.
രക്ഷിക്കാം കിളിമീനിനെ
ചെറുമീൻ പിടിത്തത്തിന് ഏറ്റവും കൂടുതൽ വിധേയമായമാകുന്നത് കിളിമീനാണ്. വളരാൻ അനുവദിച്ചാൽ മത്സ്യമേഖലയ്ക്ക് അധികലാഭമുണ്ടാക്കാനും ഇവയെ വംശനാശഭീഷണിയിൽ നിന്ന് രക്ഷിക്കാനുമാകും. എം.എൽ.എസ് നിയന്ത്രണം മൂല്യശൃംഖലയിലുടനീളം നടപ്പാക്കുന്നത് ഗുണകരമാകുമെന്നാണ് ഗവേഷകരുടെ നിഗമനം. വലയുടെ കണ്ണിവലിപ്പം നിയന്ത്രിക്കുന്നത് കർശനമായി പാലിച്ചാൽ കൂടുതൽ ഫലപ്രദമാകുമെന്നും വിലയിരുത്തുന്നു.
മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഇടപെടേണ്ട വിഷയങ്ങൾ
യാനങ്ങളുടെ വർദ്ധനവ്
നശീകരണ മത്സ്യബന്ധനരീതികൾ
ചെറുമീൻപിടിത്തം
ചെമ്മീനിന്റെ വിലക്കുറവ്
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യപ്രശ്‌നങ്ങൾ
തീരക്കടലിനപ്പുറം നിയന്ത്രണമില്ലാത്ത അവസ്ഥ
മത്സ്യസമ്പത്തിന്റെ ശോഷണം
7വർഷത്തെ നഷ്ടം 1777 കോടി
കിളിമീൻ, ചാള, കൂന്തൽ, അരണമീൻ, കറൂപ്പ് എന്നീ മത്സ്യങ്ങളെ വളർച്ചയെത്താതെ പിടിക്കുന്നതുമൂലം പ്രതിവർഷം ശരാശരി 216 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഈ ഇനത്തിൽ കഴിഞ്ഞ 7വർഷത്തിനുള്ളിൽ 1777 കോടി രൂപയുടെ നഷ്ടമുണ്ടായി.
ജീവിതചെലവും കുറഞ്ഞു
എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ സി.എം.എഫ്.ആർ.ഐ നടത്തിയ പഠനത്തിൽ, കൊവിഡിന് ശേഷം മത്സ്യത്തൊഴിലാളികളുടെ ജീവിതചെലവിൽ കുറവ് വന്നതായി കണ്ടെത്തി. എറണാകുളം ജില്ലയിൽ 34 ശതമാനവും ആലപ്പുഴയിൽ 13 ശതമാനവും മലപ്പുറത്ത് 11 ശതമാനവുമാണ് കുറവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |