എടക്കര: നാടുകാണി ചുരത്തിൽ ജാറത്തിനും കല്ലളയ്ക്കുമിടയിൽ റോഡിൽ വിള്ളലുണ്ടായ ഭാഗം പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.സജീവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ അപകട സാഹചര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. 50 സെന്റീമീറ്റർ വീതിയിൽ എട്ടു മീറ്റർ നീളത്തിലാണ് റോഡിൽ വിള്ളൽ കാണപ്പെടുന്നത്. സമീപത്തെ ഓവുപാലത്തിന്റെ അടിഭാഗവും മറ്റു ഭാഗങ്ങളും വിശദമായി പരിശോധന നടത്തേണ്ടതുണ്ട്. മഴയിൽ വിള്ളൽ ഏറിവരുന്നണ്ടോയെന്ന് നിരീക്ഷിക്കും. റോഡ് നവീകരണ പ്രവൃത്തി നടത്തിയ ഊരാളുങ്കൽ സൊസൈറ്റിയുമായി അടുത്ത ചൊവ്വാഴ്ച വീണ്ടും വിശദമായ പരിശോധന നടത്തുമെന്നും സംഘം അറിയിച്ചു.
ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് റോഡിൽ വിള്ളൽ കാണപ്പെട്ടത്. പൊതുമരാമത്ത് നിരത്ത് വിഭാഗവും വഴിക്കടവ് പൊലീസും സ്ഥലത്തെത്തി വിള്ളലുണ്ടായ ഭാഗത്ത് റിബ്ബൺ കെട്ടി വാഹന അപകട സാദ്ധ്യത ഒഴിവാക്കിയിട്ടുണ്ട്. വിള്ളലുണ്ടായ ഭാഗത്ത് വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരം റോഡിന്റെ മറ്റു ചില ഭാഗങ്ങളിലും സമാനരീതിയിൽ ചെറിയ തോതിൽ റോഡ് താഴ്ന്നതായി കാണുന്നുണ്ട്. ഇവിടങ്ങളിലും ചൊവ്വാഴ്ച പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |