പാലക്കാട്: രണ്ടാം വിളയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ കർഷകർ പ്രതിസന്ധിയിൽ. 36,261 കർഷകരുടെ പേമെന്റ് ഓർഡർ സപ്ലൈകോയിൽ നിന്ന് എസ്.ബി.ഐ, കനറാ ബാങ്കുകളിലേക്ക് മാറിയെങ്കിലും 20,000 ഓളം കർഷകർക്ക് ഇനിയും പണം ലഭിക്കാനുണ്ട്. ബാങ്കിൽ നിന്ന് പണം വാങ്ങാനുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്നാണ് കർഷകർ പറയുന്നത്. പണം ലഭിക്കാത്തതിനാൽ കടംവാങ്ങി ഒന്നാം വിളയിറക്കിയ കർഷകർ വിളപരിപാലിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.
നിലവിൽ കളപറിയും തുടർന്ന് വളപ്രയോഗവും നടത്തേണ്ട സമയമാണിപ്പോൾ. കഴിഞ്ഞ നാലുദിവസമായി പെയ്ത ശക്തമായ മഴയിൽ ഭൂരിഭാഗം വയലുകളും വെള്ളത്തിനടിയിലാണ്. മഴ ശമിച്ച് വെള്ളക്കെട്ട് മാറിയിട്ടുവേണം തുടർപണികൾ നടത്താൻ. പക്ഷേ, പണമില്ലാതെ നട്ടം തിരിയുകയാണ് കർഷകർ.
കളപറിയും വളമിടലും ആശങ്കയിൽ
വയലുകളിലെ കളയുടെ തോതിനുസരിച്ച് ഏക്കറിന് നാലു മുതൽ അഞ്ചുവരെ തൊഴിലാളികൾ പണിയെടുത്താൽ മാത്രമാണ് കളപറി നടത്താനാകൂ. കളനാശിനി പ്രയോഗം നടത്താത്ത വയലുകളിൽ കൂടുതൽ തൊഴിലാളികൾ വേണ്ടിവരും. സ്ത്രീ തൊഴിലാളിക്ക് 350 മുതൽ 400 രൂപ വരെയാണ് കൂലി. ഏക്കറിന് 75 കിലോ അടിവളം ആവശ്യമാണ്. ഇതിന് 1800 രൂപ വരും. നടീൽ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ട വയലുകളിൽ കളപറിയും വളപ്രയോഗവും ഉടൻ നടത്തണം. അടിവളത്തിന് പകരം സബ്സിഡി നിരക്കിൽ ലഭിക്കുന്ന യൂറിയയാണ് ഉപയോഗിക്കുന്നതെന്ന് കർഷകർ പറയുന്നു.
മുഖ്യമന്ത്രിക്ക് പരാതി നൽകി
കർഷകർക്ക് അനുവദിച്ച തുക ബാങ്കധികൃതർ നൽകുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകി പാടശേഖര സമിതി. ആറ് മാസം മുമ്പ് സപ്ലൈകോയ്ക്ക് നെല്ല് നൽകിയ ഇനത്തിൽ ലഭിക്കേണ്ട തുക സപ്ലൈകോ ബന്ധപ്പെട്ട ബാങ്കുകളിലേക്ക് കൈമാറിയിരുന്നു. ജൂൺ 30 വരെ ലിസ്റ്റ് ചെയ്ത തുകകൾ കർഷകർക്ക് നൽകാൻ സപ്ലൈകോ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയെന്നും കർഷകരോട് പറഞ്ഞിട്ടുണ്ട്. കാനറ ബാങ്ക് കർഷകർക്ക് ജൂൺ 30 വരെയുള്ള തുകകൾ നൽകുന്നുണ്ട്. എന്നാൽ സ്റ്റേറ്റ് ബാങ്ക് മേയ് 10 വരെയുള്ള തുകകൾ മാത്രമാണ് അനുവദിക്കുന്നതെന്നതാണ് പരാതി. ഇത് സംബന്ധിച്ച് കാരക്കാട് പാടശേഖര സമിതി പ്രസിഡന്റ് വിജയ് പ്രകാശ് ശങ്കറും സെക്രട്ടറി സി.ബിജുവുമാണ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |