ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടാണ്. എസിയില്ലാത്തൊരു ജീവിതത്തെപ്പറ്റി ചിന്തിക്കാൻ പോലും അവിടെയുളളവർക്ക് ആകില്ല. നാട്ടിലേക്ക് അവധിക്ക് പോകുമ്പോൾ മുറിയിലെ എസി ഓഫാക്കണോ വേണ്ടയോ എന്നത് പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. എസി ഒരുകാരണവശാലും ഓഫാക്കരുതെന്ന് ചിലർ പറയുമ്പോൾ തീർച്ചയായും ഓഫാക്കണമെന്നാണ് മറ്റൊരുകൂട്ടർ പറയുന്നത്. ഇതിന് അവർ നിരത്തുന്ന കാരണങ്ങളും പലതാണ്. യുക്തിയുള്ളതാണ് ഇതിൽ പല കാരണങ്ങളും എന്നതാണ് സത്യം.
യുഎഇ അടക്കമുള്ളയിടങ്ങളിലെ വൈദ്യുത വകുപ്പ് അധികൃതർ വീട്ടിൽ ആളില്ലെങ്കിൽ തീർച്ചയായും എസി ഓഫുചെയ്യണമെന്ന വാദഗതിക്കാരാണ്. സ്ഥിരമായി എസി ഓണാക്കിയിടുന്നതുമൂലമുള്ള കനത്ത വൈദ്യുത ബിൽ ഒഴിവാക്കാം എന്നതും തുടർച്ചയായി എസി ഓണാക്കിയിടുന്നതിലൂടെ ഉണ്ടാക്കുന്ന തീപിടിത്തത്തിനും മറ്റ് അപകടങ്ങളും ഒഴിവാക്കാമെന്നും വൈദ്യുതി വകുപ്പ് പറയുന്നു.
'എസി ദീർഘനാൾ പ്രവർത്തിപ്പിക്കാതിരുന്നാൽ മുറികൾക്കുള്ളിൽ കനത്ത ചൂട് നിറയും. ഒപ്പം ആർദ്രതയും. ഇത് ഫർണിച്ചറുകൾക്കും, ഇലക്ട്രോണിക് ഉപകരങ്ങൾക്കും തുണിത്തരങ്ങൾക്കുമൊക്കെ കേടുപാടുകൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ഇവയെല്ലാം ശരിയാക്കിയെടുക്കാൻ വൻ തുക ചെലവാക്കേണ്ടിവരും. ഇത് ആളില്ലാത്ത സമയത്ത് എസി ഓണാക്കിയിട്ടാൽ ഉണ്ടാകാനിടയുള്ള വൈദ്യുത ബില്ലിനെക്കാൾ ചെറുതായിരിക്കും' അബുദാബിയിലെ താമസക്കാരനായ മഗല്ലി പറയുന്നു.
ഊർജം പാഴാവുന്നതിനൊപ്പം അധിക ചെലവുവരുമെങ്കിലും മുറിയിൽ ആളില്ലാത്തപ്പോൾ എസി ഓഫുചെയ്യാറില്ലെന്നാണ് ദുബായിലെ താമസക്കാരനായ മ്യാൻമർ സ്വദേശി ഷുൻ ഖിൻ ഷുൻ ലേ താ പറയുന്നത്. പതിനാറുവർഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന താൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും പറയുന്നു. മഗല്ലി പറയുന്ന കാരണങ്ങൾ തന്നെയാണ് അദ്ദേഹത്തിനും പറയാനുള്ളത്.
പിന്തുണയുമായി വിദഗ്‌ധർ
ഈ രണ്ടുപേരുടെയും വാദങ്ങൾക്കാണ് വിദഗ്‌ധർ പിന്തുണ നൽകുന്നത്. എസി പ്രവർത്തിക്കാതെ മൂന്നാഴ്ചയിൽ കൂടുതൽ മുറികൾ അടച്ചിട്ടിരുന്നാൽ ചുവരുകളിലും ഫർണിച്ചറുകളിലും മറ്റും പൂപ്പൽ പിടിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇതുകാരണം മുറിക്കുള്ളിലെ സകല വസ്തുക്കും ഉപേക്ഷിക്കേണ്ടി വരികയും ചെയ്തേക്കാമെന്നാണ് നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ഹിഷാം ജാബർ പറയുന്നത്. ഇത് ചിലപ്പോൾ ഗുരുതരമായ രോഗങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന് റെന്റോകിൽ ബോക്കറിലെ ടെക്‌നിക്കൽ ആൻഡ് എസ്എച്ച്ഇ മാനേജരായ ദിനേശ് രാമചന്ദ്രൻ പറയുന്നത്.
നാട്ടിലേക്ക് മടങ്ങുംമുമ്പ് എസികൾ എല്ലാം ശരിയായ രീതിയിൽ അറ്റകുറ്റപ്പണി നടത്തുകയും ഫിൽറ്ററുകൾ ക്ലീൻ ചെയ്യുകയും വേണം. ഇതിനൊപ്പം മുറികൾക്കുള്ളിലേക്ക് പുറത്തുനിന്ന് ചൂട് കടക്കാനുളള വഴികൾ ഉണ്ടെങ്കിലും അതും ഒഴിവാക്കണം. എസിയുടെ ഔട്ട്‌ഡോർ യൂണിറ്റുകളും വൃത്തിയാക്കണം. ഇതിനൊപ്പം ഷോർട്ട് സർക്യൂട്ട് ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടോ എന്ന് ഒരു ഇലക്ട്രീഷ്യന്റെ സഹായത്തോടെ കണ്ടെത്തുകയും ഉണ്ടെങ്കിൽ അത് ഒഴിവാക്കുകയും വേണം. അങ്ങനെയെങ്കിൽ ധൈര്യമായി എസി ഓണാക്കി നാട്ടിലേക്ക് പോകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |