തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്
ഒറ്റത്തവണയായി പ്രതിമാസ ശമ്പളം നൽകാനുള്ള മാനേജ്മെന്റിന്റെ ശ്രമം വിജയത്തോട് അടുക്കുന്നു. ഓണത്തിനു മുമ്പ് സാദ്ധ്യമാവുമെന്നാണ് പ്രതീക്ഷ. ബാങ്ക് കൺസോർഷ്യത്തിൽ നിന്നെടുത്ത വായ്പയായ 3200 കോടിയിൽ 400 കോടി തിരിച്ചടയ്ക്കാൻ കഴിഞ്ഞതോടെ പുതിയ വായ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാർ നൽകുന്ന 50 കോടിയും വരുമാനത്തിൽ നിന്നുള്ള തുകയും ഉപയോഗിച്ചാണ് നിലവിൽ രണ്ടു തവണയായി ശമ്പളം നൽകുന്നത്. 72 കോടിയാണ് പ്രതിമാസം വേണ്ടത്. സർക്കാരിന്റെ സാമ്പത്തിക സഹായം അധികനാൾ തുടരാനാകില്ലെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി ഉണ്ടായ നാൾമുതൽ സർക്കാർ സഹായത്തോടെയാണ് ശമ്പളവിതരണം.
കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയുള്ള ഭരണനിർവഹണം കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്നില്ല. ബിജു പ്രഭാകർ എം.ഡിയായിരുന്ന കാലയളവിലാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങിയത്. ഇപ്പോഴത്തെ എം.ഡി പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ ഓഡിറ്റിംഗ് വേഗത്തിലാക്കിയിട്ടുണ്ട്. കൃത്യമായ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് നൽകിയാൽ മാത്രമേ ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാകൂ. മേയിൽ കെ.ടി.ഡി.എഫ്.സി നൽകാനുള്ള 650 കോടിയുടെ കടം സർക്കാർ സഹായത്തോടെ വീട്ടിയത് വലിയ ആശ്വാസമായി.
ബാങ്കുകൾ കനിഞ്ഞാൽ
ദൗത്യം വിജയിക്കും
മാർഗം 1
ശമ്പളത്തിനു വേണ്ടിയുള്ള തുകയ്ക്കു വേണ്ടി ബാങ്കുകളുമായി മാനേജ്മെന്റ് ചർച്ച നടത്തിവരികയാണ്. വിജയിച്ചാൽ സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാനാകും
മാർഗം 2
കേരളബാങ്കിന്റെ സഹായത്തോടെ ശമ്പളം വിതരണം ചെയ്യുക. സർക്കാർ പണം ലഭ്യമാകുന്ന മുറയ്ക്ക് വരുമാനം കൂടി ചേർത്ത് അതത് മാസം ബാങ്കിൽ തിരിച്ചടയ്ക്കും. പെൻഷൻ വിതരണം ഇങ്ങനെയാണ് നടത്തുന്നത്
പ്രതിമാസ വരവും ചെലവും
(2023-24 സാമ്പത്തിക വർഷം
ശരാശരി തുക കോടിയിൽ)
ഓപ്പറേറ്റിംഗ് വരുമാനം................... 196.08
ടിക്കറ്റിതര വരുമാനം.......................... 27.89
ആകെ വരുമാനം................................ 223.97
ചെലവ്................................................. 315.25
അന്തരം...................................................91.28
സർക്കാർ നൽകിയ
ധനസഹായം ..........................................5,747 കോടി
''ചർച്ചകൾ ഗുണകരമായ രീതിയിൽ മുന്നോട്ടു പോവുകയാണ്. സദ്ഫലം പ്രതീക്ഷിക്കാം
-പ്രമോജ് ശങ്കർ,
സി.എം.ഡി, കെ.എസ്.ആർ.ടി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |