തിരുവനന്തപുരം: കൃഷ്ണയുടെ മൃതദേഹവുമായി ബന്ധുക്കളും പ്രാദേശിക പാർട്ടിപ്രവർത്തകരും നാലുമണിക്കൂറോളമാണ് നെയ്യാറ്റിൻകര-കാട്ടാക്കട റോഡും തുടർന്ന് കരമന-കളിയിക്കാവിള ദേശീയ പാതയും ഉപരോധിച്ചത്.
വൻപൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഇതിനിടെ ചെറിയ രീതിയിൽ പ്രതിഷേധക്കാർ പൊലീസുമായി വാക്കേറ്റത്തിലായി.ഡോക്ടറെ പിരിച്ചുവിടുക,കൃഷ്ണയുടെ കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുക,ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ്,ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡോക്ടറെ സസ്‌പെൻഡ് ചെയ്യാമെന്നും കുട്ടിക്ക് ധനസഹായം ഉറപ്പാക്കാമെന്നും ആർ.ഡി.ഒയുടെ നേതൃത്വത്തിൽ രേഖാമൂലം ഉറപ്പുനൽകിയതോടെ രാത്രി 11ന് പ്രതിഷേധം അവസാനിപ്പിച്ചു.
ഇന്നലെ രാത്രി ഏഴോടെയാണ് മൃതദേഹവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ബന്ധുക്കളും പ്രതിഷേധക്കാരും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രണ്ടാം ഗേറ്റിന് മുന്നിലെത്തിയത്. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞതോടെ കുത്തിയിരുന്ന് പ്രതിഷേധമായി. ഇതോടെ നെയ്യാറ്റിൻകര-കാട്ടാക്കട റോഡിൽ ഗതാഗതം സ്തംഭിച്ചു. ഡി.എം.ഒ സ്ഥലത്തെത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഡിവൈ.എസ്.പി ഷാജി,തഹസിൽദാൽ ശ്രീകല എന്നിവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഡി.എം.ഒ നാളെ എത്തുകയുള്ളൂവെന്ന് അറിയിപ്പ് വന്നതോടെ പ്രതിഷേധത്തിന്റെ രീതിമാറി. 8.30ഓടെ മൊബൈൽ മോർച്ചറി ആംബുലൻസ് വിളിച്ചുവരുത്തിയ പ്രതിഷേധക്കാർ മൃതദേഹം അതിലേക്ക് മാറ്റി. 8.45ന് പ്രതിഷേധം ദേശീയപാതയിലേക്ക് മാറ്റാൻ തീരുമാനിച്ചു. നേരെ ആലുംമൂട് ജംഗ്ഷനിൽ പ്രതിഷേധക്കാർ ആംബുലൻസുമായെത്തി. ദേശീയപാതയിലും ഗതാഗതക്കുരുക്കായി. ഇതോടെ ആർ.ഡി.ഒ പ്രേംജിത്ത് സ്ഥലത്തെത്തി താലൂക്ക് ഓഫീസിൽവച്ച് ചർച്ച നടത്തി രേഖാമൂലം ഉറപ്പുനൽകുകയായിരുന്നു. രാത്രിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |