പിന്നിൽ നിന്ന് കുത്തിയ പാകിസ്ഥാനെ അടിച്ചോടിച്ച്, സ്വന്തം മണ്ണിന്റെ അവകാശം ഊട്ടിയുറപ്പിച്ച ഇന്ത്യൻ വിജയം, ജൂലായ് 26 ന് കാർഗിൽ വിജയ് ദിവസായി രാജ്യം ആഘോഷിക്കുന്നു. ഇന്ത്യ എന്നും അഭിമാനത്തോടെ ഓർക്കുന്ന ആ ദിനത്തിന് ഇനി രണ്ടുനാൾ മാത്രം. ഇന്ന് നാം കാണുന്ന തരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ആധുനിക വത്കരണത്തിന് തുടക്കം കുറിച്ചത് കാർഗിൽ യുദ്ധത്തിന് ശേഷമാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
സൈന്യത്തിന്റെ ശക്തിയും ആവശ്യങ്ങളും ദൗർബല്യവും സർക്കാരിന് മനസിലാക്കാൻ കാർഗിൽ യുദ്ധം ഒരു നിമിത്തമായെന്നുവേണം കരുതാൻ. ഇന്ന് പാകിസ്ഥാനെന്നല്ല ചൈനയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ ഇന്ത്യയെ തൊടാൻ ഒന്ന് ഭയക്കും. വൻ ശക്തികളുടെ മാത്രം കൈയിലുണ്ടായിരുന്ന അത്യന്താധുനിക ആയുധങ്ങൾ ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ കൈയിലുണ്ട്.
കാർഗിൽ യുദ്ധത്തിന്റെ നിർണായക ഘട്ടത്തിലാണ് വ്യോമസേന കരസേനയ്‌ക്കൊപ്പം പൂർണമായും അണിനിരന്നത്. ഉയർന്ന മലനിരകളിൽ ഒളിച്ചിരുന്ന് ഗറില്ലാ മോഡൽ യുദ്ധം ചെയ്യുന്ന പാക് സൈനികരെ തീമഴ പെയ്യിച്ച് തുരത്തുക എന്ന ശ്രമകരമായ ദൗത്യമാണ് വ്യോമസേന ഏറ്റെടുത്തത്. സഫേദ് സാഗർ എന്ന പേരിലാണ് വ്യോമസേന തന്ത്രങ്ങൾ ആവിഷ്‌കരിച്ചത് .ഇന്ത്യൻ വ്യോമസേന ഇതിനായി ഉപയോഗിച്ച യുദ്ധവിമാനങ്ങളെ പരിചയപ്പെടാം.
മിറാഷ് 2000
മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് വ്യോമസേനയുടെ ഓപ്പറേഷൻ സഫേദ് സാഗറിലെ യഥാർത്ഥ പോരാളി. ശത്രുവിന്റെ ഒളിത്താവളങ്ങളെ അണുകിട പിഴയ്ക്കാതെ ഉയരത്തിൽ നിന്നും ബോംബുകളാൽ ഭസ്മീകരിക്കാൻ മിറാഷ് 2000 സഹായിച്ചു. ലേസർ ഗൈഡഡ് ബോംബുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇസ്രയേലിന്റെ കൈയയച്ച സഹായവും ഇതിനായി ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.
പകലും രാത്രിയും ആക്രമണത്തിന് ഉപയോഗിക്കാനുള്ള കഴിവും മിറാഷ് 2000ന് കാർഗിൽ യുദ്ധത്തിലെ സംഹാര രുദ്രനാക്കി. ശത്രു ബങ്കറുകൾ തകർക്കാൻ വിന്യസിച്ച 'മിറാഷ്2000' ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് നിർമ്മിച്ചതായിരുന്നു. പിൽക്കാലത്ത് ഇന്ത്യ റഫാലുകളെ നോട്ടമിട്ടതും, വാങ്ങിയതിന് പിന്നിലും ദസ്സാൾട്ട് എന്ന കമ്പനിയിൽ രാജ്യത്തിനുണ്ടായ വിശ്വാസവും അനുഭവവുമായിരുന്നു. കാർഗിലിലെ ഈ വീരൻ പാക് അതിർത്തി താണ്ടി ബലാക്കോട്ടിൽ ബോംബു വർഷിച്ച ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കിലും പങ്കാളിയായി.
മിഗ്29
കാർഗിൽ യുദ്ധസമയത്ത് മിഗ്29 യുദ്ധവിമാനങ്ങളും വിന്യസിക്കപ്പെട്ടു. പാകിസ്ഥാന്റെ യുഎസ് നിർമ്മിത എഫ് 16 വിമാനങ്ങളെ പ്രതിരോധിക്കേണ്ട ആവശ്യമുണ്ടായാൽ ഉപയോഗിക്കാനിയിരുന്നു ഇത്. എന്നാൽ എഫ്16ൽ ദീർഘദൂര മിസൈലുകൾ ഇല്ലാതിരുന്നതിനാൽ അതിർത്തി കടന്ന് ആക്രമണം നടത്താനുള്ള അവസരം മിഗ് 29 ലഭിച്ചില്ല. കൂടുതലും നിരീക്ഷണവും മറ്റ് വിമാനങ്ങൾക്കുള്ള പിന്തുയും നൽകുകയായിരുന്നു മിഗ്29 ന്റെ ദൗത്യങ്ങൾ. മിഗ്29 സാന്നിദ്ധ്യം മനസിലാക്കിയതിനാൽ അതിർത്തി കടക്കാൻ പാക് വിമാനങ്ങൾ ശ്രമിച്ചിരുന്നില്ല.
മിഗ്21
പറക്കുന്ന ശവപ്പെട്ടി എന്ന് വിമർശകർ വിളിക്കുമ്പോഴും ഈ യുദ്ധവിമാനം അടുത്തകാലം വരെ രാജ്യത്തിന്റെ പടക്കുതിരയായിരുന്നു. യുദ്ധ വിമാനങ്ങളെ അപകടകാരിയാക്കുന്നത് അത് പറത്തുന്നവരുടെ ചങ്കൂറ്റവും, ബുദ്ധിശക്തിയുമാണ്. ഇത് ആവോളമുള്ളതിനാലാണ് മിഗ്21 ഇന്ത്യയുടെ പടക്കുതിരയായി ഏറെ നാൾ ആകാശത്തെ ഭരിച്ചത്. ഗ്രൗണ്ട് അറ്റാക്കിംഗിനും, എയർ ഇന്റർസെപ്ഷനും വേണ്ടിയാണ് ഈ യുദ്ധവിമാനം കാർഗിലിൽ ഉപയോഗിച്ചത്. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ പ്രധാനമായും മിഗ് 21 വിമാനങ്ങളാണ് പാക് സൈന്യത്തെ തകർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |