ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്നത്തെ ദിവസം നിർണായകം. ഗംഗാവലി പുഴയിൽ അടിത്തട്ടിൽ തലകീഴായി കണ്ടെത്തിയ ലോറിയിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇന്ന് ആദ്യം പരിഗണന നൽകുക. ഇതിനായി മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബോർഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടക്കും.
പുഴയിൽ ലോറി എവിടെയാണോ സ്ഥിതി ചെയ്യുന്നത് അവിടെ ഡൈവർമാർ എത്തി ക്യാബിനിൽ അർജുനുണ്ടോ എന്ന് പരിശോധിക്കും. തിരച്ചിൽ നടത്തുന്ന സ്ഥലത്തേക്ക് മാദ്ധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് പ്രവേശനമുണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമാണ്. ഉത്തര കന്നഡയിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. ഗംഗാവലി പുഴയിലെ അടിയൊഴുക്കും ഉയരുകയാണ്.
ഇന്നലെ ദൗത്യം നിർണായകഘട്ടത്തിൽ എത്തിയപ്പോൾ കാലാവസ്ഥ വില്ലനായിരുന്നു. മൺകൂനകളുടെ ഉള്ളിൽ നിന്ന് ട്രക്ക് പൊക്കിയെടുക്കാനായില്ല. നേവിയുടെ സോണാർ പരശോധനയിലും സൈന്യത്തിന്റെ റഡാർ പരശോധനയിലും ഗംഗാവലിപ്പുഴയുടെ തീരത്ത്, ദേശീയപാതയോടു ചേർന്ന് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി ഉച്ചയ്ക്ക് മൂന്നര മണിക്കാണ് കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ സൈന്യവും സ്ഥിരീകരിച്ചത്. ഉത്തര കന്നഡ ജില്ല ഭരണകൂടവും ഈ വിവരം കർണാടക സർക്കാരിനെ അറിയിച്ചു.
ബൂം എസ്‌കവേറ്റർ ഉപയോഗിച്ച് ആഴത്തിൽ മണ്ണ് ഡ്രഡ്ജ് ചെയ്യാനുള്ള നടപടികൾ ഉടൻ തുടങ്ങി. കൂടുതൽ ക്രെയിനുകൾ എത്തിച്ചു. എൻ.ഡി.ആർ. എഫ് സംഘം ജാഗരൂകരായി. കേരളത്തിൽ നിന്നടക്കം ഷിരൂരിൽ എത്തിയ ദൗത്യ സംഘത്തെ തെരച്ചിലിന് സഹകരിപ്പിക്കുന്നതിന് ആലോചനയും നടന്നു. നേവിയുടെ ഡീപ്പ് ഡൈവേഴ്സ് തെരച്ചിലിന് ഇറങ്ങി.ഡ്രോൺ ബേയ്സ്ഡ് ഐ ബോഡ് ഉപയോഗിച്ച് പുഴയിൽ 20, 30 മീറ്ററുകൾ ദൂരത്ത് മണ്ണ് അടിഞ്ഞുകൂടിയ സ്ഥലത്ത് പരശോധന ഊർജ്ജിതമാക്കി. പ്രതികൂല കാലാവസ്ഥയാൽ ഈ നീക്കം അധികനേരം തുടരാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |