തിരുവനന്തപുരം: മൂന്നു തവണയിലേറെ വായ്പാ കുടിശിക വന്നാൽ ജപ്തിചെയ്ത് കുടിയിറക്കുന്നത് തടയാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു. ജനക്ഷേമപരമായ നിയമഭേദഗതിയാണെന്ന് വിലയിരുത്തിയാണ് ഗവർണർ ബില്ലിന് അനുമതി നൽകിയത്. നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ബില്ലാണിത്.
ജപ്തി നേരിട്ട ഭൂമിയുടെ ഉടമ മരിച്ചുപോയാൽ അവകാശികൾക്ക് ഭൂമി തിരിച്ചുകിട്ടാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ നിയമം വരുന്നത്.
ജപ്തികൾക്കെതിരെ ജനരോഷമുയർന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് നടപടികൾ തടഞ്ഞിരുന്നു. എന്നാൽ സർക്കാരിന് അധികാരമില്ലെന്ന ബാങ്കുകളുടെ വാദം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനം നിയമം കൊണ്ടുവന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ ജപ്തി നടപടികൾക്ക് മോറട്ടോറിയം നൽകാൻ സർക്കാരിനാകും. അഞ്ച് വർഷത്തേക്ക് ഭൂമി വില്പന നടത്താതെ പിടിച്ചുവയ്ക്കാം. അതിനുള്ളിൽ വായ്പാ കുടിശിക അടച്ചുതീർത്താൽ ഉടമയ്ക്കോ അവകാശികൾക്കോ ഭൂമി തിരിച്ചു നൽകും. വായ്പാ തുകയെക്കാൾ കൂടുതലാണ് ഭൂമിയുടെ വിലയെങ്കിൽ ആവശ്യമായ ഭൂമി മാത്രം ജപ്തിക്ക് വിട്ടുകൊടുക്കാനും കളക്ടർക്ക് അധികാരം നൽകുന്നതാണ് നിയമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |