ബംഗളൂരു: കൊലക്കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന്റെ ഭാര്യ വിജയലക്ഷ്‌മി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ചനടത്തി. കഴിഞ്ഞ ദിവസം രാവിലെ ശിവകുമാറിന്റെ ബംഗളൂരുവിലെ വസതിയിലെത്തിയാണ് കണ്ടത്. ദർശന് നീതി ലഭിച്ചിട്ടില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കുമെന്ന് ശിവകുമാർ പറഞ്ഞതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ
മകന്റെ വിദ്യാഭ്യാസകാര്യം സംസാരിക്കാനാണ് അവർ വന്നതെന്നാണ് ശിവകുമാറിന്റെ വിശദീകരണം. തന്റെ മാനേജ്‌മെന്റിലുള്ള സ്‌കൂളിലാണ് ഇരുവരുടെയും മകൻ ആദ്യം പഠിച്ചിരുന്നത്. എന്നാൽ പിന്നീട് കുട്ടിയെ സ്കൂൾ മാറ്റി. വീണ്ടും എന്റെ സ്കൂളിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ എത്തിയത്. പ്രിൻസിപ്പൽ പ്രവേശനം നിഷേധിച്ചപ്പോൾ അവർ എന്നെ കാണാനെത്തിയതാണ്. ഇക്കാര്യം പ്രിൻസിപ്പലിനോട് സംസാരിക്കാമെന്ന് താൻ പറഞ്ഞതായും ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം പൊതുപരിപാടിക്കിടെ ദർശന് നീതി ലഭിച്ചില്ലെന്ന് ആരാധകർ മുദ്രാവാക്യം വിളിച്ചപ്പോഴാണ് അങ്ങനെയാണെങ്കിൽ അദ്ദേഹത്തെ സഹായിക്കാമെന്ന് പറഞ്ഞത്. കേസിലോ അന്വേഷണത്തിലോ കോടതി കാര്യത്തിലോ ഇടപെടില്ല.
കേസ് പൊലീസ് അന്വേഷിക്കുകയാണ്. അന്വേഷണത്തിലോ നിയമനടപടികളിലോ ഒരിക്കലും ഇടപെടില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും ശിവകുമാർ പറഞ്ഞു. ആരാധകനായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും ഉൾപ്പെടെ 15 പേരെയാണ് അറസ്റ്ര് ചെയ്‌തത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പവിത്രയെ അപകീർത്തിപ്പെടുത്തിയതിനും അശ്ലീല സന്ദേശമയച്ചതിനുമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.
ദർശന്റെ ഭാരം കുറയുന്നു: മുൻ സഹതടവുകാരൻ
പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ദർശനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ സഹതടവുകാരൻ. ദർശനെ കണ്ടുവെന്നും 12 മിനിട്ട് സംസാരിച്ചെന്നും സിദ്ധാരൂഢ എന്നയാൾ പറഞ്ഞു. ദർശന്റെ ശരീരഭാരം കുറഞ്ഞു. ദേഹം വിളറി വെളുത്തു. ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയാണ്. കണ്ണുകളിലും മുഖത്തും ഇത് വ്യക്തമായി കാണാം. ചിലപ്പോൾ നടക്കും. സെല്ലിൽ പുസ്തകവായനയാണ് ഭൂരിഭാഗം സമയവും. ഭഗവത് ഗീത, രാമായണം, മഹാഭാരതം, വിവേകാനന്ദന്റെയും യോഗിയുടേയും ആത്മകഥകൾ ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങളുണ്ട് - സിദ്ധാരൂഢ പറഞ്ഞു. 22 വർഷമായി ജയിലിൽ കഴിയുന്ന സിദ്ധാരൂഢ ഈയിടെയാണ് പരോളിലിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |