തൃശൂർ: ബസിനുള്ളിൽ സ്‌കൂൾ വിദ്യാർത്ഥിനിയോട് അതിക്രമം കാട്ടിയ കണ്ടക്ടർ പിടിയിൽ. തൃശൂരിലാണ് സംഭവം. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴുമണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ശാസ്‌ത എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ പെരുമ്പിളിശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായി വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് സ്‌കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ വിദ്യാർത്ഥിനിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് പരാതി.
സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കരച്ചിൽ കണ്ട് വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് അഞ്ചരയോടെ കൊടുങ്ങല്ലൂരിൽ നിന്ന് വരികയായിരുന്ന ബസിൽ കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറി. മറ്റ് യാത്രക്കാരെ ഇറക്കിയതിനുശേഷം ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടു. പിന്നാലെയാണ് സാജനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |