കൊച്ചി: 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാർ റദ്ദാക്കിയതിലൂടെ 2000 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഉമ്മൻ ചാണ്ടി സർക്കാരും തുടർന്ന് പിണറായി വിജയൻ സർക്കാരും കരാർപ്രകാരം വൈദ്യുതി വാങ്ങി. 2023ൽ ഒമ്പത് വർഷം കഴിഞ്ഞപ്പോൾ സർക്കാരും റെഗുലേറ്ററി കമ്മിഷനും ചേർന്നാണ് കരാർ റദ്ദാക്കിയത്. 4.29 രൂപയ്ക്ക് ലഭിച്ചിരുന്നത് എട്ടു മുതൽ 12 രൂപ വരെ നൽകിയാണ് പിന്നീട് വാങ്ങിയത്. ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചപ്പോൾ റെഗുലേറ്ററി കമ്മിഷനോട് കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും കമ്പനികൾ തയ്യാറായില്ല. വീണ്ടും ക്വട്ടേഷൻ വിളിച്ചപ്പോൾ 6.80 രൂപയ്ക്ക് തരാമെന്നാണ് അദാനി കമ്പനിയുടെ വാഗ്ദാനം. കരാർ റദ്ദാക്കിയതുമൂലം ബോർഡിനുണ്ടായ നഷ്ടം നികത്താൻ ഒരുവർഷത്തിനിടെ രണ്ടു തവണയാണ് നിരക്ക് വർദ്ധിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |