തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വ്യവസായ വികസനത്തിന് സംസ്ഥാന സർക്കാർ മാസ്റ്റർ പ്ളാൻ ഒരുക്കുന്നു. റസിഡൻഷ്യൽ, വാണിജ്യ, വ്യവസായ, ലോജിസ്റ്റിക് മേഖലകളായി തരംതിരിച്ചുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനകം ആറിലധികം വ്യവസായ ഗ്രൂപ്പുകളുമായി ചർച്ച നടത്തി. അടുത്ത വർഷത്തെ ആഗോള നിക്ഷേപ സംഗമത്തിൽ കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കാനായി വിവിധ നഗരങ്ങളിൽ നടത്തുന്ന റോഡ് ഷോകളിൽ വിഴിഞ്ഞം തുറമുഖാനുബന്ധ പദ്ധതികൾക്ക് പ്രാധാന്യം നൽകും.
വ്യവസായ വികസനത്തിന് ഭൂമിക്കായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലാൻഡ് പൂളിംഗ് പദ്ധതി ഒരുക്കും. വ്യവസായ ഭൂമിയുടെ പാട്ട വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്ക്കരിച്ച് വൻകിട വ്യവസായങ്ങൾ ആകർഷിക്കാനാണ് ശ്രമം. ഇതനുസരിച്ച് കിൻഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവിടങ്ങളിലെ ഭൂമിയുടെ പാട്ട കാലാവധി 90 വർഷമായി വർദ്ധിപ്പിച്ചെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരള ലാൻഡ് ഡിസ്‌പോസൽ റെഗുലേഷൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടയ്ക്കണം. രണ്ടുവർഷത്തേക്ക് മൊറോട്ടോറിയവും ലഭിക്കും.
ഉദാരമായ വ്യവസ്ഥകൾ
നിലവിൽ 30 മുതൽ 60 വർഷമാണ് പാട്ടക്കാലാവധി. പാട്ടത്തുകയുടെ 10% മുൻകൂറായും 50% ഒരു മാസത്തിനകവും നൽകണം. ബാക്കിതുക പലിശ സഹിതം രണ്ട് വർഷത്തിനിടെ രണ്ട് ഗഡുക്കളായി അടക്കണം.
പുതിയ ചട്ടമനുസരിച്ച് വൻകിട ഇതരനിക്ഷേപകർക്ക് 60വർഷത്തേക്കും 100കോടി രൂപയിലധികമുള്ള നിക്ഷേപങ്ങളിൽ 90 വർഷം വരെയും ഭൂമി അനുവദിക്കും. 10 ഏക്കർ മുതൽ ഭൂമിയാണ് അനുവദിക്കുക. 50 മുതൽ 100കോടിവരെയുള്ള നിക്ഷേപത്തിന് പാട്ടപ്രീമിയത്തിന്റെ 20% തുകയും 100 കോടിയ്ക്ക് മേൽ 10% തുകയും മുൻകൂട്ടി അടക്കണം.
50 ഏക്കറിന് മുകളിൽ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവമുള്ള പാരമ്പര്യേതര ഊർജ പദ്ധതികളിൽ വാർഷിക വാടക അടിസ്ഥാനത്തിൽ പരമാവധി 20 വർഷത്തേക്ക് ഭൂമി അനുവദിക്കും.
പാട്ടമൊഴിയുന്നതിന് ഇളവുകൾ
നിലവിലെ ചട്ടപ്രകാരം പാട്ടമൊഴിയുന്നവർ അവശേഷിക്കുന്ന പാട്ടത്തുക പൂർണ്ണമായും അടച്ചുതീർക്കണമായിരുന്നെങ്കിൽ പുതിയ ചട്ടമനുസരിച്ച് വിവിധ സ്ലാബുകളനുസരിച്ച് പാട്ടമൊഴിവ് കുടിശിക അടച്ചാൽ മതിയാകും.അഞ്ചുവർഷത്തിനകം ഒഴിയുന്നവർ പകുതി തുകയും ഏഴ് വർഷം വരെ 20 ശതമാനവും അതിനുമുകളിലുള്ളവർ 10 ശതമാനവും അടച്ചാൽ മതിയാകും.ബിൽറ്റ്അപ്പ് സ്ഥലം ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്കും വെയർ ഹൗസ് സൗകര്യങ്ങളുടെ സബ് ലീസിംഗും അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |