പാരീസ് : ഷൂട്ടിംഗിലെ രണ്ട് ഫൈനലുകളിലും ആർച്ചറിയിലും ഇന്ത്യയ്ക്ക് മെഡലില്ലാതെ മടങ്ങേണ്ടിവന്നപ്പോൾ പാരീസിൽ വീണ്ടും പ്രതീക്ഷയുടെ പ്രകാശനാളം പകർന്ന് മനു ഭാക്കർ. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയിരുന്ന മനു ഇന്നലെ സരബ്ജ്യോത് സിംഗിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബിൾസിന്റെ പ്രാഥമിക റൗണ്ടിൽ നിന്ന് വെങ്കലമെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടി. ഒരൊറ്റ പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ സഖ്യത്തിന് സ്വർണത്തിനായി മത്സരിക്കാനുള്ള അവസരം നഷ്‌ടമായത്. ഇന്നലെ പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ ഇന്ത്യയുടെ അർജുൻ ബബുത നാലാമതായതും നേരിയ വ്യത്യാസത്തിലാണ്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ റമിത ഏഴാമതായി.
ഇന്നലെ ഹോക്കിയിൽ പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 1-1ന് കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ചു. അവസാനനിമിഷം ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കി ഹർമൻപ്രീതാണ് ഇന്ത്യയ്ക്ക് സമനില നൽകിയത്. ബാഡ്മിന്റൺ ഡബിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ സാത്വിക് -ചിരാഗ് സഖ്യം ക്വാർട്ടറിലെത്തിയപ്പോൾ ആർച്ചറിയിൽ ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിൽ തോറ്റ് മടങ്ങി.
ഇന്ന് ഇന്ത്യയുടെ പ്രധാന മത്സരങ്ങൾ
1 pm
മിക്സഡ് ഷൂട്ടിംഗിൽ മനു- സരബ്ജ്യോത് സഖ്യം വെങ്കലത്തിനായുള്ള മത്സരത്തിനിറങ്ങും.
4.45 pm
ഹോക്കിയിൽ ഇന്ത്യ അയർലാൻഡിനെ നേരിടും.
5.30 pm
സാത്വിക് - ചിരാഗ് സഖ്യത്തിന്റെ ഗ്രൂപ്പിലെ അവസാന മത്സരം.
7.16 pm
ബോക്സിംഗിൽ അമിത് പംഗൽ,ജാസ്മിൻ,പ്രീതി പവാർ എന്നിവർ കളത്തിൽ
സ്പോർട്സ് 18ലും ജിയോ സിനിമയിലും ലൈവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |