ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ജലദുരന്തത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി നരേഷ് കുമാർ. ദുരന്തമുണ്ടായ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ സ്ഥാപനം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് ഡൽഹി വിദ്യാഭ്യാസമന്ത്രി അതിഷിക്ക് സമർപ്പിച്ച മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്ഥാപനത്തിൽ ഡ്രെയിനേജ് സംവിധാനമില്ല. മറ്റ് സുരക്ഷാ മുൻകരുതലുകളുമുണ്ടായിരുന്നില്ല. ഇതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇല്ലാത്ത ബയോമെട്രിക്
ലോക്കിനെ പഴിചാരേണ്ട
ദുരന്തത്തിന് ഒരു കാരണം ബയോമെട്രിക് ലോക്ക് പ്രവർത്തനരഹിതമായതു കൊണ്ടാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് വിദ്യാർത്ഥികൾ. സംഭവം നടന്ന ശനിയാഴ്ച രാത്രി മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളിന്റെ ബേസ്‌മെന്റിൽ ബയോമെട്രിക് ലോക്ക് സംവിധാനമില്ലെന്ന് അവിടെയുള്ള വിദ്യാർത്ഥികൾ പറഞ്ഞു. ഓട്ടോമാറ്റിക് ഡോർ ലോക്കിംഗ് സംവിധാനവുമില്ല. ബേസ്‌മെന്റിൽ രണ്ടു വാതിലുകളുണ്ട്. സാധാരണയായി വൈകിട്ട് ആറുമണിക്ക് അതിലൊന്ന് അടയ്‌ക്കും. മരിച്ചവർ, അടച്ചിട്ട വാതിലിന് സമീപത്ത് കുടുങ്ങി പോയിരിക്കാമെന്നും വിദ്യാർത്ഥികൾ സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
12 പേരെ കാണാനില്ലെന്ന്
പപ്പു യാദവ് എം.പി
കോച്ചിംഗ് സെന്ററിലെ 12 വിദ്യാർത്ഥികളെ കാണാനില്ലെന്നും അക്കാര്യം മറച്ചുവയ്‌ക്കാൻ ശ്രമം നടക്കുന്നുവെന്നും പപ്പു യാദവ് എം.പി ആരോപിച്ചു. ബീഹാറിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പപ്പു യാദവ് 'ഇന്ത്യ" മുന്നണിയുടെ ഭാഗമാണ്. ഒരു വിദ്യാർത്ഥിയുടെ മൃതദേഹം പുറത്തറിയിക്കാതെ വീട്ടുകാർക്ക് കൈമാറിയെന്നും മറ്റൊരു വിദ്യാർത്ഥിയെ കാണാനില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംഭവം ഉന്നതതല സമിതി അന്വേഷിക്കണമെന്ന പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സന്നദ്ധസംഘടനയായ കുടുംബ് ആണ് ഹർജിക്കാർ. ഡൽഹിയിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ ജില്ലാതലസമിതികൾ രൂപീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് ഡൽഹി ലെഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌സേന പ്രതികരിച്ചു. ഇന്നലെയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ സ്‌പെഷ്യൽ ഡ്രൈവ് നടന്നു. മുഖർജി നഗർ, പ്രീത് വിഹാർ, രജീന്ദർ നഗർ എന്നിവിടങ്ങളിലെ 30ൽപ്പരം കോച്ചിംഗ് സെന്ററുകളിലെ ബേസ്‌മെന്റുകൾ അടച്ചുപൂട്ടി.
നിരപരാധിയെന്ന്
മനുജ് കത്തുരിയ
സംഭവത്തിൽ ബിസിനസുകാരനായ മനുജ് കത്തുരിയയെ നരഹത്യാക്കേസ് ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ മേഖലയിലെ വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയിൽ ആഡംബരക്കാർ ഓടിച്ചതിന്റെ ഫലമായി കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചുകയറിയെന്നാണ് കേസ്. നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി മനുജ് കത്തുരിയ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്നലെ തീസ് ഹസാരി കോടതി പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ എതിർത്തു. കത്തുരിയയുടെ ഡ്രൈവിംഗ് സംഭവത്തെ വഷളാക്കിയെന്ന് ആരോപിച്ചു. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി.
കോച്ചിംഗ് സെന്ററിന് മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |