അബുദാബി: പാകിസ്ഥാനിൽ നിന്നുള്ള പ്രവാസികളുടെ പെരുമാറ്റത്തിലും ജോലിയിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് പാകിസ്ഥാനിലെ ഓവർസീസ് സെക്രട്ടറി ഡോ. അർഷാദ് ആണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാനികളുടെ തൊഴിൽ നൈതികത, ജോലിയോടുള്ള മനോഭാവം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രശ്നങ്ങളാകുന്നതെന്ന് അർഷാദ് പറഞ്ഞു. ജിസിസി രാജ്യങ്ങൾ അറിയിച്ചതനുസരിച്ച് 50 ശതമാനം കുറ്റകൃത്യങ്ങളിലും പാക്കിസ്ഥാനികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ വീഡിയോകൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള അനുചിതമായ പ്രവൃത്തിയാണ് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ നിന്നുള്ള നഴ്സുമാർ ജോലിയുമായി ബന്ധപ്പെട്ട ചില ചുമതലകൾ നിർവഹിക്കാൻ വിസമ്മതിക്കുന്നതായി കുവൈറ്റ് അറിയിച്ചു. അവർ പ്രാദേശിക ഭാഷ പഠിക്കുന്നില്ല, മാത്രമല്ല രാജ്യത്ത് ആറ് മാസം ജോലി ചെയ്ത ശേഷം യൂറോപ്പിലേക്ക് പറക്കാനും ഇവർ ആഗ്രഹിക്കുന്നു.
അതേസമയം, പാകിസ്ഥാൻ തൊഴിലാളികൾ ജോലിക്കിടെ സുരക്ഷാ ഹെൽമറ്റ് ധരിക്കാൻ വിസമ്മതിക്കുന്നുണ്ടെന്നാണ് ഖത്തറിൽ നിന്നുള്ള റിപ്പോർട്ടുകൾ. 2023 സെപ്തംബറിൽ പാകിസ്ഥാൻ ഭിക്ഷാടകർ ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് 'സിയാറത്ത്' (തീർത്ഥാടനം) എന്ന പേരിൽ യാത്ര ചെയ്യുകയും തുടർന്ന് ഭിക്ഷാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന് നേരത്തെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഈ രാജ്യങ്ങളിൽ അറസ്റ്റിലായ ഭിക്ഷാടകരിൽ 90 ശതമാനവും പാകിസ്ഥാൻ പൗരന്മാരാണ്.
ഏകദേശം രണ്ട് ദശലക്ഷം പാകിസ്ഥാനികൾ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ടെന്നും ഓരോ വർഷവും 400,000 പേർ രാജ്യത്തേക്ക് എത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 'ഭിക്ഷാടകരെയും രോഗികളെയും' അയക്കരുതെന്ന് സൗദി അറേബ്യൻ അധികൃതർ പാകിസ്ഥാനികളോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ, ഇറാഖിൽ പാകിസ്ഥാനികൾ നിസ്സഹായരാണെന്ന് റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യേണ്ടി വരുന്നു. അവരെ അവിടെ തടവുകാരെപ്പോലെ പാർപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |