ന്യൂഡൽഹി: ജാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം) നേതൃത്വം നൽകുന്ന 'ഇന്ത്യ' മുന്നണിയും ബി.ജെ.പിയും നേർക്കുനേർ പോരാടുന്ന ജാർഖണ്ഡിൽ 15 ജില്ലകളിലെ 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. 15,344 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മണി മുതലാണ് പോളിംഗ് ആരംഭിച്ചത്.
മത്സരിക്കുന്ന 683 സ്ഥാനാർത്ഥികളിൽ ബി.ജെ.പിയിലേക്ക് മാറിയ മുൻ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചമ്പായി സോറൻ(സെരായ്കേലിയ), ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ന ഗുപ്ത(ജാംഷ്ഡ്പൂർ വെസ്റ്റ്), ജെ.എം.എമ്മിന്റെ രാജ്യസഭാ എംപി മഹുവ മാജി(റാഞ്ചി), മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ(ജഗനാഥ്പൂർ) തുടങ്ങിയ പ്രമുഖരുമുണ്ട്.
ജെ.എം.എം സർക്കാർ ആദിവാസി ഭൂമി കുടിയേറ്റക്കാർക്ക് കൈമാറിയെന്നും അവരെ പുറത്താക്കുമെന്നുമായിരുന്നു ബി.ജെ.പി പ്രചാരണം. വഖഫ് ബിൽ, ഏകസിവിൽ കോഡ് വിഷയങ്ങളും ഉന്നയിച്ചു. ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെതിരായ അഴിമതി ആരോപണങ്ങളും വിഷയമാക്കി.ജാതി സെൻസസ്, പ്രതിമാസ ധന സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് 'ഇന്ത്യ' മുന്നണിയിൽ കോൺഗ്രസ് അടക്കം ഉയർത്തിയത്.
20 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതുമണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. ഇതിൽ കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങളാണ് നിർണായകം. കഴിഞ്ഞതവണ 14-ൽ 11-ഉം നേടിയത് ജെ.എം.എം. ആണ്. രണ്ടാംഘട്ട പോളിംഗ് 38 മണ്ഡലങ്ങളിൽ 20-ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |