തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ യഥാസമയം ജനങ്ങളെ ഒഴിപ്പിച്ചില്ലെന്നാണ് അമിത് ഷാ രാജ്യസഭയിൽ കുറ്റപ്പെടുത്തിയത്. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ എല്ലാക്കാലത്തും നാട്ടിൽ പരിഗണിക്കപ്പെടാറുണ്ടെന്നും പരസ്പരം പഴിചാരേണ്ട ഘട്ടമല്ലിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വസ്തുതകൾ എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തം ഉണ്ടായ സ്ഥലത്ത് ഓറഞ്ച് അലർട്ട് നിലനിന്നിരുന്നതെന്നും രാവിലെ ആറുമണിയോടെയാണ് ആ പ്രദേശത്ത് റെഡ് അലർട്ട് നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ പറഞ്ഞതിൽ ഒരു ഭാഗം മാത്രമാണ് വസ്തുതയെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ജല കമ്മീഷനും ശരിയായ മുന്നറിയിപ്പ് നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡിആർഎഫിനെ അയച്ചത് കേരളം ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ തുടരുകയാണ്. നമ്മുടെ നാട് ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത്രയും വേദനാ ജനകമായ കാഴ്ചകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേത്. ഈ രണ്ടു പ്രദേശങ്ങളും ഇല്ലാതായിരിക്കുന്നു. ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 79 പുരുഷന്‍മാരും 64 സ്ത്രീകളും. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ദുരന്ത മേഖലയില്‍ നിന്നും പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയിൽ പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുകയും ചെയ്യുന്നുണ്ട്.
രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്‍റെ നേട്ടമാണ്. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്‍റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാര്‍ 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1386 പേരെ തുടര്‍ന്നുള്ള രക്ഷാ ദൗത്യത്തിന്‍റെ ഫലമായി രക്ഷിച്ചു. ഇതില്‍ 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
വയനാട് ജില്ലയിലാകെ നിലവില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8017 ആളുകളാണുള്ളത്. അതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. മേപ്പാടിയില്‍ 8 ക്യാമ്പുകളാണ് ഉള്ളത്. മൊത്തം 421 കുടുംബങ്ങളിലായി 1486 പേര്‍ ഈ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുകയാണ്',- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |