പാരീസ്: ടോക്യായിലെ കണ്ണീരിന് ജിംനാസ്റ്റിക്സിലെ യു.എസ് ഇതിഹാസം സിമോൺ ബൈൽസ് പാരീസിൽ പൊൻതിളക്കമുള്ള പ്രായശ്ചിത്വത്തോടെ തുടങ്ങി. ആർട്ടിസ്‌റ്റിക്സ് ജിംനാസ്‌റ്റിക്‌സിൽ വനിതകളുടെ ഓൾറൗണ്ട് ടീം ഇനത്തിൽ സിമോണിന്റെ മാസ്മരിക പ്രകടനത്തിന്റെ മികവിലാണ് യു.എസ്.എ സ്വർണം നേടിയത്. 171.296 പോയിന്റ് നേടിയാണ് സിമോണും സുനിസ ലീയും ജോർദാൻ ചിലിസും ജെയ്ഡ് കാരെയും ഉൾപ്പെട്ട യു.എസ് ടീം പൊന്നണിഞ്ഞത്. വാൾട്ട് വിഭാഗം ഫൈനലിൽ അതി സങ്കീർണമായ ചെംഗ് സ്‌കിൽ പുറത്തെടുത്ത സിമോൺ ലോകത്തെ വീണ്ടും അദ്ഭുതപ്പെടുത്തി. ഇറ്റലി വെള്ളിയും (165.494 പോയിന്റ്), ബ്രസീൽ വെങ്കലവും (164.497 പോയിന്റ്) നേടി.
ഇന്നലത്തെ മെഡലോടെ ഒളിമ്പിക്സിൽ സിമോണിന്റെ സ്വർണ നേട്ടം അഞ്ചായി. ഇതോടെ സിമോണിന്റെ ആകെ ഒളിമ്പിക്സ് മെഡൽ നേട്ടം എട്ടുമായി. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ യു.എസ് താരവും സിമോണാണ്.
2016ലെ റിയോ ഒളിമ്പിക്സിൽ നാല് സ്വർണവും ഒരു വെങ്കലവും നേടി ലോകത്തെ അദ്ഭുതപ്പെടുത്തുമ്പോൾ സിമോണിന് പ്രായം വെറും 19. എന്നാൽ വലിയ പ്രതീക്ഷകളുമായി ടോക്യോയിൽ എത്തിയ സിമോൺ സമ്മർദ്ദം താങ്ങാനാകാതെ നാല് ഫൈനലുകളിൽ നിന്ന് പിന്മാറി ലോകത്തെ ഞെട്ടിച്ചു.അവിടെ ഓരോ വെള്ളിയിലും വെങ്കലത്തിലുമൊതുങ്ങി. അമേരിക്കൻ ജിംനാസ്റ്റിക്സ് ടീം ഡോക്ടറായിരുന്ന ലാറി നാസറിന്റെ ലൈംഗിക അതിക്രമങ്ങളിലെ അതിജീവിതകളിൽ ഒരാളായിരുന്നു സിമോണും. ഇതും സിമോണിനെ വിഷാദ രോഗത്തിലേക്ക് തള്ളി വിടാൻ പ്രധാന കാരണമായി.
എന്നാൽ അതിനെയെല്ലാം അതിജീവിച്ച് 27-ാം വയസിൽ പാരീസിൽ പൊൻതിളക്കത്തോടെ കായിക ലോകം കണ്ട ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്ന് നടത്തിയിരിക്കുകയാണ് സിമോൺ. മൂന്ന് വ്യക്തിഗത ഇനത്തിൽക്കൂടി പാരീസിൽ സിമോൺ മത്സരിക്കുന്നുണ്ട്. ജിംനാസ്‌റ്റിക്‌സിലെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന് വിശേഷിപ്പിക്കുന്ന സിമോൺ ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലുമായി ഇതുവരെ 38 മെഡലുകൾ സ്വന്തമാക്കി കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |