SignIn
Kerala Kaumudi Online
Friday, 11 October 2024 12.14 PM IST

മാറ്റിയെഴുതപ്പെട്ട ദുർവിധികൾ...

Increase Font Size Decrease Font Size Print Page
court

കേരളത്തിലെ പരമോന്നത നീതിപീഠമായ ഹൈക്കോടതിയുടെ ദിനങ്ങൾ ജൂലായ് മാസം സംഭവബഹുലമായിരുന്നു. രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച മാസപ്പടിയിലും മസാല ബോണ്ടിലുമടക്കം കോടതിമുറികളിൽ ശക്തമായ വാദം നടന്നു. എന്നാൽ ഇതിനിടയിൽ പുറത്തുവന്ന ഏതാനും വിധിപ്രസ്താവങ്ങൾ അതിലുമേറെ വാർത്താപ്രാധാന്യം നേടി. വിധികളിലെ മനുഷ്യസ്പർശമാണ് ഇതിന് കാരണമായത്.

അച്ഛനെയാണെനിക്കിഷ്ടം

തിരുവനന്തപുരത്ത് മൂന്നു വയസുകാരിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തതായി അമ്മ പരാതി നൽകിയ സംഭവം 2015 കാലഘട്ടിൽ സമൂഹമനസാക്ഷിക്ക് നൊമ്പരമായിരുന്നു. എന്നാൽ അമ്മയുടെ പരാതി വ്യാജമാണെന്ന നടുക്കുന്ന കണ്ടെത്തലാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവിലുള്ളത്. പിതാവിനെതിരെ മംഗലപുരം പൊലീസ് ര‌ജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ തുടർനടപടികൾ റദ്ദാക്കിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അമ്മയ്‌ക്കെതിരെ കേസെടുക്കാനും നിർദ്ദേശിച്ചിരുന്നു.

'അച്ഛനെയും അമ്മയെയും ഇഷ്ടമാണെന്നും, അച്ഛനെയാണ് കൂടുതൽ ഇഷ്ട"മെന്നും മജിസ്ട്രേറ്റ് കോടതിയിൽ കുട്ടി നൽകിയ മൊഴി തന്നെ ശക്തമായ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. വ്യാജ പരാതിയിൽ പിതാവിനുണ്ടായ മനോവിഷമം വ്യക്തമാക്കാൻ കൈതപ്രത്തിന്റെ 'സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം..." എന്ന പാട്ട് വിധിയിൽ ഉദ്ധരിച്ചതും ശ്രദ്ധേയമായി.

കുട്ടിയെ വിട്ടുകൊടുക്കേണ്ടി വരുമെന്ന് ഭയന്നാകണം വ്യാജ പരാതി സൃഷ്ടിച്ചത്. ഹീനമായ ആരോപണങ്ങളുന്നയിച്ച യുവതിയുടെ പേര് പൊതുസമൂഹം അറിയേണ്ടതാണെങ്കിലും കുട്ടിയുടെ സ്വകാര്യത മാനിച്ച് അതിന് മുതിരുന്നില്ലെന്നും ഉത്തരവിൽ പറഞ്ഞു.

നിയമത്തിന്റെ ശക്തി

ബാലവിവാഹ നിരോധന നിയമം (2006) എല്ലാ മതനിയമങ്ങൾക്കും മുകളിലാണെന്ന ഉത്തരവും ജൂലായിൽ ഹൈക്കോടതിയിൽ നിന്നുണ്ടായി. പൗരത്വമാണ് പ്രഥമം. മതം അതിനു പിന്നിലാണ്. ബാലവിവാഹത്തിന്റെ പേരിൽ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ അഞ്ചു പ്രതികൾ നൽകിയ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കുകയും ചെയ്തു.

പെൺകുട്ടികൾ ജീവിതം ആസ്വദിച്ച് വളരട്ടെയെന്നും കോടതി ഓർമ്മിപ്പിച്ചു.

നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ തുടരുന്നത് ദുഃഖിപ്പിക്കുന്നതായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. മുഹമ്മദീയ നിയമം പറഞ്ഞ് പ്രതികൾ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചത് അതിലേറെ ദുഃഖകരമാണെന്നും കൂട്ടിച്ചേർത്തു.

ബാലവിവാഹം കുട്ടികൾക്ക് പഠിക്കാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള അവകാശങ്ങളുടെ ലംഘനമാണ്. ചൂഷണത്തിന് വഴിവയ്ക്കുന്നതാണ്. ചെറുപ്പത്തിലെ വിവാഹവും ഗർഭധാരണവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ശിശുമരണം, പ്രസവപ്രശ്നങ്ങൾ, ലൈംഗിക രോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. മിക്ക പെൺകുട്ടികളും പഠനം ഉപേക്ഷിക്കേണ്ടിവരും. ഭാവി ഇരുളിലാകും. വൈകാരിക, മാനസികപ്രശ്നങ്ങളുണ്ടാക്കും. വിഷാദവും ആശങ്കയും അലട്ടും. വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടാനിടയാക്കും. അതിനാൽ പെൺകുട്ടികൾ പഠിച്ചുവളരട്ടെ. യാത്രകൾ ചെയ്തും മറ്റും ജീവിതം ആസ്വദിക്കട്ടെ. ആധുനിക സമൂഹത്തിൽ വിവാഹത്തിന് നിർബന്ധിക്കുന്നത് ശരിയല്ല. പ്രായപൂർത്തിയാകുമ്പോൾ ആവശ്യമെങ്കിൽ അവർ രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹജീവിതം തിരഞ്ഞടുത്തുകൊള്ളുമെന്നും കോടതി വ്യക്തമാക്കി.

പൗരത്വ സ്വാതന്ത്ര്യം

പാകിസ്ഥാനിൽ ജനിച്ച രണ്ടു യുവതികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള ഉത്തരവായിരുന്നു മറ്റൊന്ന്. തലശേരി സ്വദേശിയായ റഷീദാ ബാനു, രണ്ടു പെൺമക്കൾക്കുവേണ്ടി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിർദ്ദേശം. ഇവർ പാക് പൗരത്വം ഉപേക്ഷിച്ചവരാണ്. ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിൽ എതിർപ്പില്ലെന്ന് പാക് ഹൈക്കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയത്. പൗരത്വം നൽകിയ ഉത്തരവ് മൂന്നു മാസത്തിനുള്ളിൽ ഇറങ്ങിയിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഇപ്പോൾ യു.എ.ഇയിൽ ജോലി ചെയ്യുന്ന ബാനുവിന്റെ ഭർത്താവ് മുഹമ്മദ് മറൂഫ് തന്റെ മുത്തശ്ശിക്കൊപ്പം 1977ൽ കേരളത്തിൽനിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. 2008ൽ കുടുംബം ഇന്ത്യയിലേക്ക് തിരികെപ്പോരുകയും ചെയ്തു. പൗരത്വം ഉപേക്ഷിക്കുന്നത് അനുവദിച്ചുകൊണ്ടുള്ള പാക്കിസ്ഥാൻ സർക്കാരിന്റെ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് പൗരത്വം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. എന്നാൽ പെൺമക്കൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പൗരത്വം ഉപേക്ഷിച്ചുകൊണ്ടുള്ള രേഖ കിട്ടിയിരുന്നില്ല. 21 വയസ് പൂർത്തിയായാൽ മാത്രമേ പാക്കിസ്ഥാൻ ഈ രേഖ അനുവദിക്കൂ. ഈ സാഹചര്യത്തിൽ മക്കൾക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയിരുന്നില്ല. തുടർന്നാണ് കുടുംബം കോടതിയെ സമീപിച്ചത്.

പൗരത്വം ഉപേക്ഷിച്ചതായി പറയുന്ന രേഖ പ്രധാന തെളിവായി കണക്കാക്കേണ്ടതില്ലെന്നും പാക് പാസ്‌പോർട്ട് ഉപേക്ഷിച്ചതിനാൽ പാക് പൗരന്മാരായി ഹർജിക്കാർക്ക് ഇനി തിരിച്ചുപോകാൻ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

വൈവാഹിക ക്രൂരത

പങ്കാളിയെ തുടർച്ചയായി അവഗണിക്കുന്നതും അസഹനീയമാം വിധം പെരുമാറുന്നതും വിവാഹമോചനത്തിന് ഉതകുന്ന ക്രൂരതയായി കണക്കാക്കാമെന്നതാണ് ഹൈക്കോടതിയിൽ നിന്നുവന്ന മറ്റൊരു സുപ്രധാന ഉത്തരവ്.

14 വർഷമായി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു കഴിയുന്ന മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹർജി തള്ളിയ ആലപ്പുഴ കുടുംബക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സി. പ്രതീപ്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെ‌ഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്. ദാമ്പത്യത്തിലെ ക്രൂരത എന്നത് കണക്കിലെ കൃത്യത പോലെ നിർവചിക്കാനാകില്ലെങ്കിലും ഈ കേസിൽ തെളിവുകൾ ശക്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

സംഭവിച്ചതെല്ലാം ദാമ്പത്യത്തിലെ സാധാരണ പ്രശ്നങ്ങളാണെന്നും യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ എതിർകക്ഷിയായ ഭർത്താവ് തയാറായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബക്കോടതി വിവാഹമോചനം നിരാകരിച്ചത്. ഇത് തെറ്റായ തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി. സ്വതന്ത്രമായി ശബ്ദിക്കാൻ പോലും കഴിയാത്ത വിധമാണ് ഹർജിക്കാരി ഭർത്താവിനൊപ്പം 10 വർഷം കഴിഞ്ഞത്. 2010ൽ ഒരു ദിവസം മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. അതേസമയം, ആത്മഹത്യാ ഭീഷണി മുഴക്കി തന്നെ ഹർജിക്കാരി കുടുക്കിയതാണെന്നുള്ള ഭർത്താവിന്റെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു.

മേൽപറഞ്ഞ കോടതി ഉത്തരവുകൾ ജുഡീഷ്യൽ ആക്ടിവിസത്തിന്റെ ഉദാഹരണങ്ങളായി. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചെന്ന അപഖ്യാതി നേരിട്ട അച്ഛന് രക്ഷയായി, ബാലവിവഹിതയ്ക്ക് നീതി കിട്ടാൻ വഴിയൊരുങ്ങി, പാകിസ്ഥാനിൽ ജനിച്ച മലയാളി പെൺകുട്ടികൾക്ക് പൗരത്വത്തിന് വഴിയൊരുങ്ങി, ഭർത്താവിന്റെ പീഡനംകൊണ്ട് ദുതിതമനുഭവിച്ച യുവതിക്ക് ജീവിതത്തിലെ ദുർവിധിയിൽ നിന്ന് മോചനമാവുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.