ഉപവിഭാഗങ്ങളെ തിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം
ക്രീമിലെയർ ബാധകമാക്കണം
ന്യൂഡൽഹി : ഭരണഘടനയിലെ സാമൂഹിക സമത്വം ഉയർത്തിപ്പിടിച്ച്,
എസ്.സി /എസ്.ടിയിലെ ഉപവിഭാഗങ്ങൾക്കും സംവരണം നൽകാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ഉപവിഭാഗങ്ങളെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ ( 1- 6)വ്യക്തമാക്കി.
എസ്.സി /എസ്.ടി സംവരണത്തിന് ക്രീമിലെയർ ബാധകമാക്കണമെന്നും അതിന്റെ മാനദന്ധം ഒ.ബി.സിയുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്നും നിർദ്ദേശിച്ചു.
പിന്നോക്കാവസ്ഥയുള്ളവരുടെ കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തിലാവണം ഉപവിഭാഗങ്ങളെ നിശ്ചയിക്കേണ്ടത്. ഇത് ഭരണഘടനയിലെ സമത്വം, പാർലമെന്റിന്റെ അധികാരം, തുല്യ അവസരം എന്നിവ ലംഘിക്കുന്നതല്ല. അതീവ പിന്നോക്കാവസ്ഥയിൽ ഉള്ളവർക്ക് മുൻഗണന സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. അതേസമയം, ഉപവിഭാഗത്തിന് 100% സംവരണം പാടില്ല.
ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്രിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടേതാണ് ഭൂരിപക്ഷ വിധി. ജസ്റ്റിസ് ഗവായ് പട്ടികജാതിക്കാരനാണ്. ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് വിയോജിച്ചത്.
സംവരണം ഒന്നാം തലമുറയ്ക്ക് മാത്രം
എസ്.സി /എസ്.ടിയിലെ ഒന്നാം തലമുറയ്ക്ക് മാത്രം സംവരണം നൽകിയാൽ മതിയെന്നും തുടർന്ന് ഇവരിലെ ക്രീമിലെയറിനെ സംവരണത്തിൽ നിന്ന് ഒഴിവാക്കണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ് വിക്രംനാഥ്, പങ്കജ് മിത്തൽ, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ നിലപാടെടുത്തു. ക്രീമിലെയറിനെ ഒഴിവാക്കിയാലേ പട്ടികവിഭാഗത്തിലെ ഏറ്റവും പിന്നോക്കക്കാർക്ക് ആനുകൂല്യം ലഭിക്കൂ. അപ്പോഴേ ഭരണഘടനയിലെ സമത്വം നേടാനാവൂ. ഇതിന് സംസ്ഥാനങ്ങൾ നയം രൂപീകരിക്കണം. ഇതിൽ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് മനോജ് മിശ്രയും അഭിപ്രായം പറഞ്ഞില്ല.
സ്വന്തം വിധി തിരുത്തി
ഉപവിഭാഗങ്ങളായി തിരിക്കൽ ഭരണഘടനാ വിരുദ്ധമാണെന്ന 2005ലെ ഇ.വി. ചിന്നയ്യ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് വിശാലബെഞ്ച് ഇന്നലെ തിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |