തിരുവനന്തപുരം:വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർപ്ലേറ്ര് നിർമ്മിക്കാൻ ആഗോള ടെൻഡർ വിളിക്കാനുള്ള മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നീക്കത്തിന് ഉടക്കിട്ട് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത്.
ഇതിന് ആഗോള ടെൻഡർ വിളിക്കാൻ നിയമപരമായി കഴിയില്ലെന്ന് കമ്മിഷണർ സർക്കാരിന് മറുപടി നൽകി. സ്റ്റോർ പർച്ചേസ് മാന്വലിന് എതിരാണ് ഉത്തരവെന്നും വിശദമാക്കി.
നമ്പർപ്ലേറ്റ് സ്വന്തമായി നിർമ്മിക്കാൻ ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവിന്റെ കാലത്ത് തുടങ്ങിവച്ച ടെൻഡർ പ്രക്രിയ റദ്ദാക്കിയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. നമ്പർപ്ലേറ്ര് നിർമ്മിക്കാനുള്ള പാനലിൽ കേന്ദ്ര സർക്കാർ 18 കമ്പനികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തംനിലയിൽ നിർമ്മിക്കുന്നതാണ് ലാഭകരമെന്നാണ് ആന്റണിരാജുവിന്റെ കാലത്ത് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എടപ്പാളിൽ കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവർ ട്രെയിനിംഗ് റിസർച്ച് യൂണിറ്റിൽ യന്ത്രം സ്ഥാപിക്കാൻ തീരുമാനിക്കുകയും ടെൻഡർ വിളിക്കുകയും ചെയ്തിരുന്നു. ഗണേശ് കുമാർ മന്ത്രിയായപ്പോൾ, ടെൻഡർ തുറക്കരുതെന്ന് നിർദ്ദേശിച്ചെങ്കിലും കമ്മിഷണർ ടെൻഡർ തുറക്കുകയും എട്ട് കമ്പനികൾ രംഗത്തെത്തുകയുമായിരുന്നു. ഇതോടെയാണ് ആഗോള ടെൻഡറിന് സർക്കാർ ചൊവ്വാഴ്ച ഉത്തരവിറക്കിയത്.
ആഗോള ടെൻഡർ
വേണ്ടെന്ന് ശ്രീജിത്ത്
200 കോടി രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾക്ക് ആഗോള ടെൻഡർ ആവശ്യമില്ല. നമ്പർപ്ലേറ്റ് നിർമ്മാണ യന്ത്രത്തിന്റെ ചെലവ് 2 കോടി രൂപ മാത്രമാണ്. അംഗീകൃത ഏജൻസികൾക്കും കാർ ഡീലർമാരുടെ കൈയിലും ഈ യന്ത്രമുണ്ട്.
സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം പ്രാദേശിക നിർമ്മാണ സാമഗ്രികൾ ലഭ്യമല്ലെങ്കിൽ മാത്രമേ ആഗോള ടെൻഡർ വിളിക്കാനാകൂ.
പ്രത്യേക കേസുകളിൽ വകുപ്പുകൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ആഗോള ടെൻഡർ ചെയ്യാം. ഇതിന് ടെൻഡർ രേഖകളുടെ പകർപ്പ് വിദേശത്തെ 5 ഇന്ത്യൻ എംബസികൾക്കും ഇന്ത്യയിലെ വിദേശ എംബസികൾക്കും നൽകണം. ബന്ധപ്പെട്ട രാജ്യങ്ങളിൽ അത് പ്രസിദ്ധീകരിക്കാൻ അപേക്ഷയും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |