മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന്റെ വ്യാപ്തി വലുതായതിനാൽ ദുരിതബാധിതരുടെ പുനരധിവാസം വലിയ വെല്ലുവിളിയാകും. ഇതുവരെ 318 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മൂന്നൂറോളം പേരെ കാണാതായി.
നൂറുകണക്കിന് വീടുകളാണ് ചൂരൽമല, മുണ്ടക്കൈ, പുഞ്ചരിമട്ടം പ്രദേശങ്ങളിൽ തകർന്നത്. മുണ്ടക്കൈയിൽ 2244 താമസക്കാരാണ് ഉണ്ടായിരുന്നത്. 270 വീടുകളിൽ ശേഷിക്കുന്നത് 25ൽ താഴെ വീട് മാത്രം.ചൂരൽ മലയിൽ 1070 താമസക്കാരായിരുന്നു. 526 വീടുകളിൽ 250ഓളം വീടുകളാണ് ശേഷിക്കുന്നത്. അട്ടമലയിൽ 1170 താമസക്കാരാണ് ഉണ്ടായിരുന്നത്. അവിടെ 300വീടുകളിൽ അമ്പതോളം വീടുകൾ തകർന്നു. 91 ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.
ഇവിടങ്ങളിൽ ഉടൻ താമസസൗകര്യം ഒരുക്കൽ ശ്രമകരമാണ്. അതുവരെ മറ്റൊരിടം പുനരധിവാസത്തിനായി കണ്ടെത്തണം. 2019ലെ പുത്തുമല ഉരുൾപൊട്ടലിൽ 17 പേരാണ് മരിച്ചത്. നൂറുകണക്കിന് വീടുകൾ തകർന്നു. മേപ്പാടിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ 63 പേർക്ക് വീട് നിർമ്മിച്ച് നൽകി. ഏഴ് സെന്റിൽ 760 ചതുരശ്ര അടിയാണ് വീടുകൾ. വീട് വേണ്ടാത്തവർക്ക് 10 ലക്ഷം രൂപ സർക്കാർ നൽകിയിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിൽ പുത്തുമല പുനരധിവാസം സാദ്ധ്യമായി.
അതിനേക്കാൾ എത്രയോ വലുതാണ് മുണ്ടക്കൈ, ചൂരൽമല ദുരന്തം. എത്രപേരെ ബാധിച്ചന്ന് കൃത്യമായി കണക്കെടുക്കണം. ഇവരുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്തണം. കാണാതായവരുടെ കണക്കെടുപ്പ് നടക്കുകയാണ്. കേരളത്തിനകത്തും പുറത്തും നിന്നായി സഹായവുമായി നിരവധി പേർ വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |