കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് നിർമ്മിക്കേണ്ടത് 400 വീടുകളാണെന്നും അതിൽ 100 എണ്ണം കോൺഗ്രസ് നിർമ്മിച്ച് നൽകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട് മുൻ എംപി കൂടിയായ രാഹുൽ ഗാന്ധി നിർദേശിച്ച പ്രകാരം ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് നിർമ്മിച്ച് നൽകും. ഭൂമി ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചില്ലെങ്കിൽ സ്ഥലം കണ്ടെത്തി വീട് നിർമ്മിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.
'കർണാടകത്തിലെ ഷിരൂരിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഇക്കാര്യം സ്ഥലം എംഎൽഎയുമായി സംസാരിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട് അർജുന്റെ ബന്ധുക്കളെ ഇന്ന് വിവരം അറിയിക്കാമെന്നാണ് എംഎൽഎ അറിയിച്ചത്. നിലവിൽ എല്ലാ സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.
വയനാട്ടിൽ അഞ്ച് മുതൽ 20 അടിവരെ താഴ്ചയിലാണ് വീടുകൾ മണ്ണിനടിയിലായത്. അതിന് മുകളിലാണ് ചെളി പുതഞ്ഞിരിക്കുന്നത്. ആദ്യദിവസം വെളുപ്പിന് ഒരുമണിക്ക് മണ്ണിടിച്ചിലുണ്ടായി. രണ്ട് മണിക്കൂറിന് ശേഷം വീണ്ടും മണ്ണിടിഞ്ഞു രണ്ടാമത്തെ മണ്ണിടിച്ചിലിലാണ് ഏറ്റവും കൂടുതൽ അപകടമുണ്ടായത്.
ഷിരൂരിലും ആദ്യഅപകടത്തിന് ശേഷം രണ്ടാമത് ഒരു അപകടംകൂടി ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് രക്ഷാപ്രവർത്തകരെ പോലും ആ സ്ഥലത്തേക്ക് വിടാനാകാത്ത സാഹചര്യം ഉണ്ടായത്. അർജുനെ കണ്ടെത്താനുള്ള എല്ലാ മാർഗങ്ങളും പരിശോധിക്കും.
വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. അടുത്ത ഘട്ടത്തിൽ പുനരധിവാസമാണ്. ദുരന്തഭൂമിയിലേക്ക് അവരെ മടക്കി വിടാൻ പറ്റില്ല. സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ച് നൽകണം. വീട് നിർമ്മിക്കുവരെ അവരെ വാടക വീടുകളിൽ താമസിപ്പിക്കണം. ഇപ്പോൾ കാട്ടുന്ന ഉത്സാഹം കെട്ടുപോകാതെ ഇതൊക്കെ ചെയ്യണം. പുത്തുമലയിലും കവളപ്പാറയിലും സംഭവിച്ചത് ഇവിടെ സംഭവിക്കരുത്.',- വിഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |