ആലപ്പുഴ: രണ്ട് സ്പിരിറ്റ് കേസുകളിൽ 'പിടികിട്ടാപ്പുള്ളി'യായിരുന്ന കായംകുളം ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ സ്റ്റീഫൻ വർഗീസ് വിലസിയത് എക്സൈസിന്റെ മൂക്കിന് കീഴിൽ. അഞ്ചുവർഷം മുമ്പ് കായംകുളം സ്റ്റേഷൻ പരിധിയിലുണ്ടായ ആക്രമണക്കേസുൾപ്പെടെ മൂന്ന് പൊലീസ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കായംകുളം സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കായംകുളത്തെ റിസോർട്ട് പരിസരത്ത് നിന്ന് അതിസാഹസികമായാണ് സ്റ്റീഫനെ പിടികൂടിയത്.
പത്തിയൂരിൽ നിന്നും എരുവയിൽ നിന്നും രണ്ട് തവണയായി എക്സൈസ് സ്പിരിറ്റ് പിടികൂടിയ കേസുകളിൽ പ്രതിയാണ് സ്റ്റീഫൻ. പത്തിയൂരിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ കേസിൽ ഇയാൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച എക്സൈസ് ക്രൈംബ്രാഞ്ചും എരുവക്കേസിൽ അന്വേഷണം തുടരുന്ന എക്സൈസ് സംഘവും സ്റ്റീഫനെ പിടികിട്ടാപ്പുളളിയാക്കിയിരിക്കെയാണ് കായംകുളം നഗരത്തിനോട് ചേർന്നുള്ള ബോട്ട് ജെട്ടി പരിസരത്ത് നിന്ന് ഇയാളെ പിടികൂടി പൊലീസ് ഞെട്ടിച്ചത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത സ്റ്റീഫനെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് എക്സൈസ്. കായംകുളം ബോട്ട് ജെട്ടിയിലെ ഒളിത്താവളമുൾപ്പെടെയുളള സ്ഥലങ്ങളിൽ നിന്നും കൂട്ടാളികൾക്കൊപ്പവും തനിച്ചുമെടുത്ത സെൽഫികളുൾപ്പെടെയുള്ള തെളിവുകൾ ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
സ്പിരിറ്റ് കടത്തിന്റെ ചുരുളഴിക്കുമോ?
1.അന്തർ സംസ്ഥാന ബന്ധമുള്ള മാഫിയ സംഘത്തിന്റെ തലവനായ സ്റ്റീഫന്റെ അറസ്റ്റ് സ്പിരിറ്റ് കടത്തിന്റെ ചുരുളഴിക്കുമോ എന്നാണ് കണ്ടറിയേണ്ടത്
2.സ്റ്റീഫൻ ഉപയോഗിച്ചുവന്ന ഫോൺകോളിന്റെ വിശദാംശങ്ങളും അന്വേഷണസംഘത്തിന് നിർണായക വിവരങ്ങളിലേക്കുള്ള വഴികാട്ടിയാകും. സ്പിരിറ്റ് കടത്താനുപയോഗിച്ച കാറിൽ നിന്ന് സ്റ്റീഫന്റെ ഫോൺ എക്സൈസിന് നേരത്തെ ലഭിച്ചിരുന്നു.
3.കായംകുളത്ത് നിന്ന് പിടിയിലാകുമ്പോഴുള്ള ഫോൺ പൊലീസിന്റെ കസ്റ്റഡിയിലുമുണ്ട്. കഴിഞ്ഞവർഷം മാർച്ചിലാണ് പത്തിയൂർകാലയിലെ വീട്ടിൽ നിന്ന് 61 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |