തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി എൻ.എച്ച്.എം പി.ആർ.ഒ ഷിനിയെ വെടിവച്ച വനിതാ ഡോക്ടർ, കുറ്റസമ്മതത്തിനുശേഷം പൊലീസിനോട് ചോദിച്ചത് ഇങ്ങനെ: 'ഞാനാണ് പ്രതിയെന്ന് എങ്ങനെ മനസിലാക്കി'. കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ ഡോക്ടറുടെ മുറിയിലെത്തിയ വഞ്ചിയൂർ സി.ഐ ഷാനിഫിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഒരുമണിക്കൂർ പിടിച്ചുനിന്ന ഡോക്ടർ താനല്ല കുറ്റം ചെയ്തതെന്നും ആളുമാറിയെന്നും വരുത്താനാണ് ശ്രമിച്ചത്. എല്ലാ തെളിവുകളും കൈയിലുണ്ടെന്നും വെടിവച്ചതിന്റെ കാരണം മാത്രം പറഞ്ഞാൽ മതിയെന്നും പറഞ്ഞ് പൊലീസ് വിരട്ടി.
സത്യം വെളിപ്പെടുത്തിയില്ലെങ്കിൽ കൂടുതൽ പൊലീസ് ആശുപത്രിയിൽ എത്തുമെന്നും ഡോക്ടർമാരും രോഗികളുമെല്ലാം വിവരമറിയുമെന്നും പറഞ്ഞതോടെ വനിതാഡോക്ടർ വിയർത്തു. ഒന്നരമണിക്കൂറിന് ശേഷമാണ് സത്യം പറയാമെന്ന് ഡോക്ടർ സമ്മതിച്ചത്. ഷിനിയുടെ ഭർത്താവ് സുജിത്തുമായുള്ള ബന്ധത്തെക്കുറിച്ചും അയാളുടെ അവഗണന കാരണമുണ്ടായ മനപ്രയാസത്തെക്കുറിച്ചുമെല്ലാം വിവരിച്ചു. തനിക്കു നേരിട്ട യാതനയും പ്രയാസവും സുജിത്തിനെ അറിയിക്കാൻ ഷിനിയെ എയർഗണ്ണുപയോഗിച്ച് വെടിവയ്ക്കാൻ ഒരു വർഷത്തെ ആസൂത്രണമാണ് നടത്തിയതെന്നും കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും പറഞ്ഞു.
സുജിത്തിനെത്തേടി ഒന്നരമാസം മുൻപ് മാലെദ്വീപിൽ പോയപ്പോൾ നേരിട്ട കടുത്ത അവഗണനയാണ് പദ്ധതി ഉടൻ നടപ്പാക്കാനുള്ള കാരണമെന്നും സമ്മതിച്ചു. പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജിലെ ഡോക്ടറായ തന്റെ ഭർത്താവിനെ വിളിച്ചുവരുത്തണമെന്നും അദ്ദേഹത്തോടൊപ്പം സ്റ്റേഷനിൽ ഹാജരാവാമെന്നും പറഞ്ഞെങ്കിലും സി.ഐ സമ്മതിച്ചില്ല.
തിരക്കഥ തയ്യാറാക്കി
വെടിവയ്പ്പിനുശേഷം എല്ലാ പഴുതുകളും അടച്ചിട്ടും തന്നിലേക്ക് എങ്ങനെ പൊലീസ് എത്തിച്ചേർന്നു എന്നാണ് ഡോക്ടർക്ക് അറിയേണ്ടിയിരുന്നത്. എറണാകുളത്തുനിന്ന് വ്യാജനമ്പർപ്ലേറ്റ് ഒരു വർഷം മുൻപേയുണ്ടാക്കിയതും കുറ്റം ചെയ്തശേഷം ഡ്യൂട്ടിക്കെത്തിയതുമടക്കം പലതും ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടും എങ്ങനെ പിടിക്കപ്പെട്ടെന്നായിരുന്നു ചോദ്യം. തന്റെ കാർ പിന്തുടർന്ന് പൊലീസ് ആറ്റിങ്ങൽ വരെയെത്തിയെന്ന് ചാനലിൽ കണ്ടപ്പോൾ അല്പം പരിഭ്രമിച്ചിരുന്നു. പൊലീസ് തിരക്കി വന്നാലും എന്തുപറയണമെന്ന് മുൻകൂട്ടി തിരക്കഥയുണ്ടാക്കിയിരുന്നു. ഇതുപറഞ്ഞാണ് ഒന്നരമണിക്കൂറോളം പിടിച്ചുനിന്നത്. ഒരിക്കലും പൊലീസ് പിടികൂടുമെന്ന് വിചാരിച്ചില്ലെന്നും അവർ വെളിപ്പെടുത്തി.
തെളിവു നശിപ്പിച്ചാൽ
വേറെ കേസ്
വെടിവയ്ക്കാനുപയോഗിച്ച എയർഗൺ പാരിപ്പള്ളി മെഡിക്കൽകോളേജിലെ ക്വാർട്ടേഴ്സിലുണ്ടെന്നാണ് മൊഴി. മുറി പൊലീസ് സീൽ ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിന് വേറെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഡോക്ടറെ കസ്റ്റഡിയിൽ കിട്ടിയശേഷമാവും തെളിവെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |