കല്പറ്റ : ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ നഷ്ടമായ മുഴുവൻ രേഖകളും ലഭ്യമാക്കാൻ ഉടൻ നടപടി ആരംഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിട്ടിയുടെ മാർഗനിർദ്ദേശ പ്രകാരം ക്യാമ്പുകളിലുള്ളവരുടെ നഷ്ടപ്പെട്ടുപോയ രേഖകൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രണ്ടുദിവസത്തിനകം വിവരശേഖരണം പൂർത്തിയാക്കും. ക്യാമ്പുകളിൽ കഴിയുന്നവർക്ക് താത്കാലിക പുനരധിവാസത്തിനുള്ള സംവിധാനം ഉടൻ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളിലുള്ള സർക്കാർ, സർക്കാർ ഇതര കെട്ടിടങ്ങളുടെ വിവര ശേഖരണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
ദുരന്തത്തിന്റെ ഭാഗമായി 352 വീടുകള്‍ പൂര്‍ണമായും 122 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പിലുള്ളവരെ താത്കാലികമായി മാറ്റും. പുനരധിവാസത്തിന് സ്ഥിരം സംവിധാനത്തിന് സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദുരന്തബാധിത മേഖലയിലെ കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കും. പദ്ധതിപ്രകാരം 50 മുതല്‍ 75 വരെ കുടുംബങ്ങള്‍ക്ക് ഒരു കമ്മ്യൂണിറ്റി മെന്ററെ ലഭ്യമാക്കും. സംസ്ഥാന മിഷനില്‍ നിന്നുമുള്ള അഞ്ച് അംഗങ്ങളുടെ ഏകോപനത്തില്‍ പദ്ധതി നടപ്പാക്കും. ഇതിനായി 20 കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരെയും നിയമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |