കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ അമ്മ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (25) കുറ്റക്കാരിയാണെന്ന് കൊല്ലം ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും.
2021 ജനുവരി 4 രാത്രി 9നാണ് കേസിനാസ്പദമായ സംഭവം. വീടിന് പുറത്തെ കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ സമീപത്തെ റബർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. വിവാഹിതയായ രേഷ്മയ്ക്ക് ഒരു മകളുണ്ടായിരുന്നു. ഇതിനിടെ രേഷ്മ ഫേസ്ബുക്ക് പ്രണയത്തിൽപ്പെട്ടു.
രണ്ടാമത് ഒരു കുട്ടികൂടി ജനിച്ചാൽ രേഷ്മയെ സ്വീകരിക്കില്ലെന്ന് ഫേസ്ബുക്ക് കാമുകൻ പറഞ്ഞതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കേസിൽ
പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്‌തരിച്ചു. 66 രേഖകൾ ഹാജരാക്കി.
പാരിപ്പള്ളി സി.ഐമാരായിരുന്ന എ. അൽജബാർ, ടി. സതികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ, അഡ്വ.ഡി. ഷൈൻ ദേവ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |