പാരീസ്: 2024 ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് ഫൈനലിന് യോഗ്യത നേടി. സെമി ഫൈനല്‍ പോരാട്ടത്തില്‍ ക്യൂബന്‍ താരം യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെ 5-0 എന്ന സ്‌കോറിനാണ് വിനേഷ് ഫോഗട്ട് വീഴ്ത്തിയത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഈ ജയത്തോടെ വിനേഷ് സ്വന്തമാക്കി. ബുധനാഴ്ച രാത്രിയാണ് ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ മത്സരം.
വിനേഷിന്റെ ജയത്തോടെ പാരീസില്‍ ഇന്ത്യയുടെ നാലാമത്തെ മെഡല്‍ ഉറപ്പായി കഴിഞ്ഞു. പാരീസ് ഒളിമ്പിക്‌സില്‍ ഇതുവരെ ഇന്ത്യ നേടിയ മൂന്ന് മെഡലുകളും വെങ്കലമാണ്. വിനേഷിന്റെ ഫൈനല്‍ പ്രവേശത്തോടെ സ്വര്‍ണം അല്ലെങ്കില്‍ വെള്ളി മെഡല്‍ ഉറപ്പായി. ആദ്യമായി ഫൈനലിന് യോഗ്യത നേടിയ അവസരത്തില്‍ തന്നെ സ്വര്‍ണ മെഡല്‍ നേടാനാകും താരത്തിന്റെ ശ്രമമെന്ന കാര്യത്തില്‍ സംശയമില്ല. ഗുസ്തി ഫെഡറേഷനെതിരെയുള്ള സമരത്തില്‍ ഉള്‍പ്പെടെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് 29കാരിയായ വിനേഷ്.
അതേസമയം, പുരുഷ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ - ജര്‍മ്മനി മത്സരം പുരോഗമിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒരോ ഗോള്‍ വീതം അടിച്ച് തുല്യത പാലിക്കുകയാണ് ഇരുവരും. ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ 18ാം മിനിറ്റില്‍ ഗോണ്‍സാലൊ പെയ്‌ലറ്റിന്റെ ഗോളിലൂടെ ജര്‍മനി ഒപ്പമെത്തുകയായിരുന്നു. ജാവ്‌ലിന്‍ ത്രോയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്രയും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |