കൊച്ചി: സിനിമാമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണോ എന്നതിൽ ഹൈക്കോടതി ചൊവ്വാഴ്ച വിധിപറയും. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിൽ വാദം പൂർത്തിയായി.
സ്വകാര്യത സംരക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടണമെന്ന് കേസിൽ കക്ഷി ചേർന്ന് സംസ്ഥാന വനിതാ കമ്മിഷനും വിമൻ ഇൻ സിനിമ കളക്ടീവും കോടതിയെ അറിയിച്ചു.
ഹർജിക്കാരന്റെ ഇടപെടൽ സംശയാസ്പദമാണെന്നും ഡബ്ല്യു.സി.സി ആരോപിച്ചു. റിപ്പോർട്ടിന്റെ ഉള്ളടക്കം ഹർജിക്കാരനെ വ്യക്തിപരമായി ബാധിക്കുന്നതാണോയെന്ന് ഹൈക്കോടതി ചോദിച്ചു. വ്യക്തിപരമായല്ലെങ്കിലും സിനിമാ മേഖലയെ മൊത്തത്തിൽ ബാധിക്കുമെന്നായിരുന്നു മറുപടി. സോളാർ കമ്മിഷൻ റിപ്പോർട്ട് ഉപയോഗിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയതുപോലെ സംഭവിച്ചേക്കാമെന്നും വാദമുന്നയിച്ചു.
റിപ്പോർട്ടിൽ പൊതുതാത്പര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടണമെന്നും വിവരവാകാശ കമ്മിഷന്റെ അഭിഭാഷകൻ നിലപാടെടുത്തു. ഹേമ കമ്മിറ്റിയിലോ വിവരാവകാശ കമ്മിഷനിലോ കക്ഷിയല്ലാത്ത ഹർജിക്കാരന്റെ ആവശ്യം നിലനിൽക്കില്ല. നിയമസഭയ്ക്ക് മുന്നിൽ റിപ്പോർട്ട് എത്തിയേക്കുമെന്ന സാഹചര്യമുണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ റിപ്പോർട്ട് പുറത്തു വിടാതിരുന്നതെന്ന് കമ്മിഷൻ വ്യക്തമാക്കി. ഇപ്പോൾ സാഹചര്യം മാറി. വിവരാവകാശ നിയമത്തിൽ ഭേദഗതികളും വന്നു. അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ കമ്മിഷൻ ഉത്തരവിട്ടതെന്നും അഭിഭാഷകൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |