തിരുവനന്തപുരം : രോഗബാധിത മേഖലയായ മലപ്പുറം പാണ്ടിക്കാട് ആറു വവ്വാലുകളിൽ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയതോടെ നിപയുടെ ഉറവിടം വവ്വാലാണെന്ന് വ്യക്തമായി. ഇനി, നിപ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ വിപുലമായ പരിശോധന നടത്തും.
കേരളത്തിൽ പല ഘട്ടങ്ങളായി കണ്ടെത്തിയ നിപ വൈറസുകളെല്ലാം ബംഗ്ലാദേശ് വകഭേദങ്ങളാണ്. ഈ സാഹചര്യത്തിൽ,കള്ളോ പഴമോ വഴിയാകും വൈറസ് മനുഷ്യരിലിലേക്ക് എത്താൻ സാദ്ധ്യതയെന്ന വിലയിരുത്തലിൽ ഇവയുടെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. ബംഗ്ലാദേശിൽ പനയിൽ നിന്നെടുക്കുന്ന ഡേറ്റ് പാം സാപ് എന്ന ദ്രാവകത്തിലൂടെ വൈറസ് പകർന്നതായി സംശയമുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ കള്ളിന്റെ സാദ്ധ്യത പരിശോധിക്കുന്നത്. കള്ളുചെത്തുന്നവർ തെങ്ങിന്റെ പൂങ്കുലയിൽ കുടം കമഴ്ത്തി വയ്ക്കുന്നതിനാൽ വവ്വാലുകൾക്ക് അതിലേക്ക് കടക്കാൻ സാധിക്കില്ല. എന്നാലും ആശങ്ക പൂർണമായി അകറ്റാനാണ് പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ (എൻ.ഐ.വി) പരിശോധന നടത്തുന്നത്. മേയ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ സുലഭമാകുന്ന പഴങ്ങളും ശേഖരിക്കും. റമ്പുട്ടാൻ,വാഴപ്പഴം,അമ്പഴങ്ങ എന്നിവയുടെ സാമ്പിളുകൾ കോഴിക്കോട് എൻ.ഐ.വി ലാബിൽ പരിശോധിച്ചെങ്കിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയില്ല. വൈറസ് ബാധയുള്ള വവ്വാൽ കഴിച്ച ഏതെങ്കിലുമൊരു പഴം കഴിച്ചാവും രോഗം പകർന്നതെന്ന നിഗമനത്തിലാണ് വിദ്ഗദ്ധ സംഘം.
മലേഷ്യൻ വകഭേദം
പന്നികളിലൂടെ
നിപയുടെ മലേഷ്യൻ വകഭേദം പന്നികളിലൂടെ മനുഷ്യരിലെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകളുടെ വിസർജ്ജ്യത്തിൽ നിന്ന് പന്നികളിലും, ഈ പന്നികളെ കൈകാര്യം ചെയ്ത മനുഷ്യരിലും രോഗബാധയുണ്ടാകും. എന്നാൽ കേരളത്തിൽ ഇതുവരെ മലേഷ്യൻ വകഭേദം കണ്ടെത്തിയിട്ടില്ല.
തടഞ്ഞത് തൊഴിലാളി വിരുദ്ധ
നടപടി: എസ്.ആർ.എം.യു
തിരുവനന്തപുരം: വന്ദേഭാരതിൽ യാത്രാസൗകര്യം ഉറപ്പാക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ തെറ്റായ നടപടിയെടുക്കാൻ ശ്രമിച്ചതാണ് സംഘടന ഇടപെട്ട് തടഞ്ഞതെന്ന് എസ്.ആർ.എം.യു. സ്പീക്കർ എ.എൻ. ഷംസീറിന്റെ പരാതിപ്രകാരം നടപടിയെടുത്തുവെന്ന റിപ്പോർട്ടുകൾ ശരിയല്ല. അദ്ദേഹത്തിന് പരാതിയുണ്ടായത് തെറ്റിധാരണ മൂലമാകാം. പരാതി കിട്ടിയാൽ നടപടിയെടുക്കുന്നതിലും വിരോധമില്ല. എന്നാൽ ഉയർന്ന ക്ളാസിന്റെ പരിധിയിൽ കൂടുതൽ സമയം നിശിച്ത ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകാനിടയാക്കും.
സ്പീക്കറിന്റെ പരിചയക്കാരൻ എന്ന തരത്തിൽ അദ്ദേഹത്തോടൊപ്പം നിശ്ചിത ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ചതിലാണ് ടി.ടി.ഇ ഇടപെട്ടത്. ആ കോച്ചിൽ ഒഴിവുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് കൂടുതൽ പണം നൽകി ടിക്കറ്റ് അപ് ഗ്രേഡ് ചെയ്യാമെന്നേ പറഞ്ഞുള്ളൂ. അത് സ്പീക്കറിന് ഇഷ്ടപെട്ടില്ല. അദ്ദേഹം ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. അപ്പോൾ തന്നെ പ്രശ്നം പറഞ്ഞുതീർക്കാൻ ഡ്യൂട്ടി ടി.ടി.ഇ. പത്മകുമാർ ശ്രമിച്ചതാണ്. എന്നാൽ സ്പീക്കർ വഴങ്ങിയില്ല. അദ്ദേഹം എഴുതിയ പരാതി നൽകുകയായിരുന്നു. പത്മകുമാറിനെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കാൻ ശ്രമിക്കുന്നത് ജീവനക്കാരുടെ സൽപേരിന് കളങ്കമാകുന്നതാണ്.
സ്പീക്കറുടെ പരാതിയിൽ റെയിൽവേ വിശദീകരണം നൽകേണ്ടതിന് പകരം കുറ്റം ചെയ്യാത്ത ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽ നിന്ന് ഗ്രൗണ്ട് ചെയ്ത് ശിക്ഷിക്കാൻ ശ്രമിച്ചതിനെയാണ് എതിർത്തതെന്നും എസ്.ആർ.എം.യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |