കൊച്ചി: പ്രധാന ക്ഷേത്രങ്ങളിൽ നിന്ന് അബ്രാഹ്മണ പൂജാരിമാരെ അകറ്റി നിറുത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചെപ്പടിവിദ്യ. പത്ത് മേജർ ക്ഷേത്രങ്ങളിൽ മേൽശാന്തി നിശ്ചയം നറുക്കെടുപ്പിലൂടെയാക്കി ബോർഡ് ഉത്തരവിറക്കി. 15 വർഷം സർവ്വീസുള്ള, ബോർഡിലെ സ്ഥിരം ജീവനക്കാരായ ശാന്തിക്കാർക്ക് മാത്രമാണ് ഇതിന് അർഹത. ചിങ്ങം ഒന്നു മുതൽ ചുമതലയേൽക്കും വിധമാകും നറുക്കെടുപ്പ്.
2018 മുതൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി ജോലിക്ക് കയറിയ 60ഓളം അബ്രാഹ്മണ ശാന്തിക്കാർക്ക് കുറഞ്ഞത് എട്ട് വർഷത്തേക്കെങ്കിലും മേജർ ക്ഷേത്രങ്ങളിൽ മേൽശാന്തിമാരാകാൻ സാധിക്കില്ലെന്ന് ബോർഡിലെ തത്പരകക്ഷികൾ ഈ ഉത്തരവിലൂടെ ഉറപ്പാക്കി. ഇവരിൽ ഒരാൾക്ക് പോലും പ്രമുഖ ക്ഷേത്രങ്ങളിൽ ഇതുവരെ നിയമനം നൽകിയിട്ടില്ല.
പത്ത് ക്ഷേത്രങ്ങളും സർവീസ് ദൈർഘ്യ പരിഗണനയില്ലാതെ ബ്രാഹ്മണരെ നിയമിച്ചിരുന്നതാണ്. പട്ടികയിലുള്ള വളഞ്ഞമ്പലം ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിക്ക് നാല് വർഷം സർവീസ് പോലുമില്ല. 17 വർഷം അനധികൃതമായി പുറത്ത് നിന്ന ശേഷം കഴിഞ്ഞ ഡിസംബറിൽ ഇദ്ദേഹത്തിന് തുടക്കക്കാരനായി പുനർനിയമനം നൽകുകയായിരുന്നു. ദേവസ്വം ബോർഡംഗത്തിന്റെ ഉറ്റ ബന്ധുത്വവും ബ്രാഹ്മണ്യവുമായിരുന്നു യോഗ്യത. ഈ ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് ലഭിക്കുന്ന ഉയർന്ന വരുമാനമാണ് പ്രധാന ആകർഷണം.
കൊച്ചിൻ ദേവസ്വം ബോർഡിൽ മേൽശാന്തി പദത്തിലേക്ക് നറുക്കെടുപ്പ് ചോറ്റാനിക്കരയിൽ മാത്രമാണ് ഉണ്ടായിരുന്നത്. മേൽശാന്തിമാർക്ക് 15 വർഷവും കീഴ്ശാന്തിമാർക്ക് 5 വർഷവും സർവീസ് വേണം. കഴിഞ്ഞ മാസം നടന്ന കീഴ്ശാന്തി ഇന്റർവ്യൂവിൽ ആദ്യമായി അബ്രാഹ്മണരായ 7 പേർക്ക് അവസരം കിട്ടിയെങ്കിലും ആരും തിരഞ്ഞെടുക്കപ്പെട്ടില്ല. തൃപ്പൂണിത്തുറ പോലുള്ള ബോർഡിന്റെ മറ്റ് പ്രമുഖ ക്ഷേത്രങ്ങളിൽ മേൽശാന്തി സ്ഥാനം കാരായ്മയായതിനാൽ (പാരമ്പര്യാവകാശം) അബ്രാഹ്മണർക്ക് അവസരമില്ല.
മേൽശാന്തി നിയമനം നറുക്കെടുപ്പിലൂടെ
• എറണാകുളം ശിവക്ഷേത്രം
• തൃപ്പൂണിത്തുറ ചക്കംകുളങ്ങര
• പള്ളുരുത്തി അഴകിയകാവ്
• എറണാകുളം വളഞ്ഞമ്പലം
• എറണാകുളം രവിപുരം ക്ഷേത്രം
• നെല്ലുവായ് ധന്വന്തരി ക്ഷേത്രം
• തൃശൂർ കുറുമാലിക്കാവ്
• തൃശൂർ താണിക്കുടം ഭഗവതിക്ഷേത്രം
• പാലക്കാട് നെന്മാറക്ഷേത്രം
• തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
ഈ പ്രശ്നം പരിശോധിച്ച് വേണ്ട നടപടികളെടുക്കും.
-ഡോ.കെ.എസ്. സുദർശൻ,
പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |