തിരുവനന്തപുരം: നാളെ വയനാട്ടിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പുനരധിവാസ സമഗ്ര പാക്കേജിൽ കേന്ദ്രസഹായം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കേന്ദ്രം നൽകുന്ന എല്ലാ പിന്തുണയ്‌ക്കും കത്തിലൂടെ നന്ദി അറിയിച്ചിരുന്നു. പ്രധാനമന്ത്രി നാളെ വയനാട് സന്ദർശിക്കുന്നകാര്യം ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
വയനാടിന്റ കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് അനുകൂല പ്രതികരണമാണുണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പടക്കമുള്ള പ്രവർത്തനങ്ങൾക്കും കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷ.
വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ടീം ലീഡറായ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാർ ഇന്നലെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
എത്തുന്നത് രാവിലെ 11ന്
നാളെ രാവിലെ 11ന് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയശേഷം ഹെലികോപ്ടറിൽ കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |