ദുബായ്: പ്രവാസികളടക്കം യുഎഇയിലുള്ള താമസക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നാട്ടിലേക്കോ മറ്റോ യാത്ര ചെയ്യുമ്പോൾ വാഹനം എവിടെ പാർക്ക് ചെയ്യുമെന്നത്. വിമാനത്താവളത്തിൽ പാർക്ക് ചെയ്ത് നാട്ടിലേക്ക് പറന്നാൽ കയ്യിലുള്ള പണം മുഴുവൻ പാർക്കിംഗ് ഫീസായി നൽകേണ്ടി വരുമെന്ന കാര്യം തീർച്ച. എന്നാൽ ഇപ്പോഴിതാ ദുബായിലുള്ളവർ നേരിട്ട ഈ പ്രശ്നത്തിന് വലിയ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് വിമാനത്താവള അധികൃതർ.
വ്യാഴാഴ്ചത്തെ അറിയിപ്പ് പ്രകാരം യാത്രക്കാർക്ക് തങ്ങളുടെ കാറുകൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ രണ്ടാഴ്ച വരെ ഡിസ്‌കൗണ്ട് നിരക്കിൽ പാർക്ക് ചെയ്യാവുന്നതാണ്. ആഗസ്റ്റ് 15 മുതൽ സെപ്റ്റബംർ 15 വരെ മാത്രമാണ് ഡിസ്‌കൗണ്ട് നിരക്കിൽ പാർക്ക് ചെയ്യാൻ സാധിക്കുക. മൂന്ന് ദിവസത്തേക്ക് പാർക്ക് ചെയ്യാൻ പുതിയ നിരക്ക് പ്രകാരം 100 ദിർഹം നൽകേണ്ടി വരും. ഏഴ് ദിവസത്തേക്ക് 200 ദിർഹവും 14 ദിവസത്തേക്ക് 300 ദിർഹവും യാത്രക്കാർ പാർക്കിംഗ് ഫീസായി നൽകേണ്ടി വരും. ഈ സീസണിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന അതിഥികളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് പരിമിതകാല ഡിസ്‌കൗണ്ട് പുറത്തിറക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ദുബായിൽ പറന്നിറങ്ങുന്നവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് അടുത്തകാലത്തായി ഒട്ടേറെ കാര്യങ്ങളാണ് അധികൃതർ ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ് വിമാനത്താവളത്തിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്ക് കളർകോഡ് നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. യാത്രക്കാർക്ക് തങ്ങളുടെ വാഹനം എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനം നടപ്പാക്കിയത്. പാർക്ക് ചെയ്ത വാഹനം കണ്ടെത്താൻ യാത്രക്കാർ ഒരുപാട് ബുദ്ധിമുട്ടുന്ന കാഴ്ച പതിവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |