SignIn
Kerala Kaumudi Online
Wednesday, 16 October 2024 10.10 PM IST

ലേഡി ലിബർട്ടി പുഞ്ചിരി തൂകുമോ?

Increase Font Size Decrease Font Size Print Page
liberty

ലോകത്തെ ഏറ്റവും വലിയ അധികാര കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന വൈറ്റ് ഹൗസിനുള്ളിൽ പ്രവേശിക്കുമ്പോൾ അവിടെ മുമ്പു പോയിട്ടുള്ള സുഹൃത്ത് പറഞ്ഞു; അമേരിക്കൻ പ്രസിഡന്റിനെയോ അമേരിക്കയേയോ നെഗറ്റീവായി പരാമർശിക്കുന്ന ഒന്നും മലയാളത്തിൽപ്പോലും പറയരുതെന്ന്. ഏതു ഭാഷയിൽ സംസാരിച്ചാലും അത് ഡീ കോഡ് ചെയ്യാനുള്ള സംവിധാനം എഫ്.ബി.ഐയും (ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ) അമേരിക്കൻ സീക്രട്ട് സർവീസും അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പൊരിക്കൽ വൈറ്റ് ഹൗസ് സന്ദർശിക്കവേ,​ പ്രസിഡന്റിനെക്കുറിച്ച് ഒരു മലയാളി വനിത വിമർശന രീതിയിൽ ഒപ്പമുണ്ടായിരുന്നവരോട് സംസാരിച്ചു. അഞ്ചു മിനിട്ടിനുള്ളിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അടുത്തെത്തി. കൂട്ടിക്കൊണ്ടുപോയവർ പിടിപാടുള്ളവരായതിനാൽ തടിയൂരി.

വൈറ്റ് ഹൗസ് മാത്രമല്ല,​ വാഷിംഗ്ടൺ ഡിസിയും പരിപൂർണ നിരീക്ഷണത്തിലാണ്. സംശയമുള്ളവരുടെ ഫോൺ അടക്കം നിരീക്ഷിക്കും. പക്ഷേ,​ സുരക്ഷയുടെ പേരിൽ ജനങ്ങളെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. ഡിസിയിൽ വച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ യാത്ര കാണാനിടയായി. അവർ സഞ്ചരിക്കുന്ന വൺവേയിൽ മാത്രമാണ് നിയന്ത്രണം. ആദ്യം ആറു മോട്ടോർ സൈക്കിളുകളിലായി സുരക്ഷാ ഭടന്മാർ മുന്നിൽ സഞ്ചരിച്ച് വഴിയൊരുക്കും. പിന്നിൽ ഒരേപോലെ കറുപ്പു നിറത്തിലുള്ള മൂന്ന് വാഹനങ്ങൾ. അതിലൊന്നിലാണ് വൈസ് പ്രസിഡന്റ്. അതിനു പിറകിൽ ഒരു വണ്ടി കൂടിയുണ്ടാകും. അഞ്ചു മിനിട്ടിനുള്ളിൽ ഗതാഗതം പഴയപോലെയാകും. വൈറ്റ് ഹൗസിൽ പ്രവേശിക്കുമ്പോൾ രണ്ടുതവണ സെക്യൂരിറ്റി പരിശോധനയുണ്ട്. പക്ഷേ,​ വളരെ മര്യാദയോടെ സൗമ്യമായാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം.

വൈറ്റ്ഹൗസിനുള്ളിൽ അതീവ സുരക്ഷയുണ്ട്. സന്ദർശകർക്ക് അത് അനുഭവപ്പെടില്ലെന്നു മാത്രം.

അമേരിക്കയിൽ ട്രാഫിക് സംവിധാനം വളരെ ശക്തമാണ്. സിഗ്നൽ പോയിന്റുകൾ അടിക്കടിയുണ്ട്. ഓരോ മേഖലകളിലും പോകാവുന്ന സ്പീഡും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ,​ വേഗതയിൽ വിശ്വസിക്കുന്ന അമേരിക്കക്കാർ പിഴയൊടുക്കി വലിയ വരുമാനമാണ് സർക്കാരിനു നൽകുന്നത്. വാഷിംഗ്ടൺ ഡിസിയിൽ അമിതവേഗത്തിനും സിഗ്നൽ തെറ്റിച്ചതിനും ഉൾപ്പെടെയുള്ള ട്രാഫിക് നിയമ ലംഘനത്തിന് ദശലക്ഷക്കണക്കിനു ഡോളറാണ് പിഴയിനത്തിൽ ലഭിക്കുന്നത്. പക്ഷേ,​ റോഡുകൾ മികച്ചതാണ്.

അമേരിക്കയിൽ ഗൺ കൾച്ചർ അഥവാ തോക്കു സംസ്ക്കാരം അതിവേഗം വളരുകയാണ്. ലൈസൻസുള്ള 80,​000 തോക്ക് വ്യാപാരികളുണ്ട്.ഇത് അംഗീകൃത കണക്കാണ്. അനൗദ്യോഗികം വേറെ . ഭീകരാക്രമണത്തിൽ മരിച്ചതിനേക്കാൾ കൂടുതൽ പേർ ഇത്തരം വെടിവയ്പുകളിൽ മരിക്കുന്നുണ്ട്. സ്കൂളിലും കോളേജിലും തോക്കുമായി എത്തുകയും വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചാ വിഷയമാണിത്. ട്രംപ് ഗൺ കൾച്ചറിനെ അനുകൂലിക്കുന്നയാളാണ്.എന്നാൽ ഡെമോക്രാറ്റിക് പാർട്ടി ഗൺ കൾച്ചർ നിയന്ത്രിക്കുമെന്ന് പ്രചാരണത്തിൽ പറയുന്നുണ്ട്.

വേഗമാണ് അമേരിക്കൻ ജീവിതത്തിന്റെ മുഖമുദ്ര. ആർക്കും സമയമില്ല. ട്രാഫിക്കിൽ ന്യൂയോർക്ക് നഗരം വീർപ്പുമുട്ടുന്നു. ഹഡ്സൺ നദിക്കടിയിലൂടെ 2.4 കിലോമീറ്റർ ദൈർഘ്യമുള്ള ലിങ്കൺ ടണൽ പിന്നിട്ട് ന്യൂയോർക്ക് സിറ്റിയിലെ മാൻഹാട്ടണിൽ എത്തണമെങ്കിൽ രാവിലെയും വൈകുന്നേരവും ഏറെ സമയം വേണ്ടിവരും. ഇതിനിടെ ഗതാഗത തടസമുണ്ടായാൽ വലഞ്ഞതു തന്നെ. ജനാധിപത്യ സംരക്ഷണത്തിന് വലിയ വില കൽപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. സ്വാതന്ത്യം പരമപ്രധാനമാണെന്ന് അവർ വിശ്വസിക്കുന്നു. സമ്പന്ന രാഷ്ട്രമാണ്. എന്നാൽ ഡിസിയിലടക്കം വഴിയോരങ്ങളിൽ ഹോംലെസ് എന്ന പേരിൽ ടെന്റ് കെട്ടി തണുപ്പും ചൂടും നേരിട്ട് പാവങ്ങൾ പാർക്കുന്നുണ്ട്.

'മെഗാ" എന്ന (മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ) കാമ്പയിൻ ആണ് ട്രംപ് വീണ്ടും ഉയർത്തുന്നത്. ആ 'മെഗാ ഷോയിൽ" ഹോംലെസിന് പ്രസക്തിയില്ല. അധികൃതർ നിഷേധിക്കുമ്പോഴും വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന വിലയിരുത്തലുണ്ട്. ബൈഡൻ ഭരണകൂടം ഇത് സമ്മതിച്ചിട്ടില്ല. കൊവിഡ് കാലത്ത് മറ്റാക്ഷേപങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും സാമ്പത്തിക

രംഗം തകരാതെ വിപണിയെ പിടിച്ചുനിറുത്തിയതിൽ ട്രംപ് വലിയ വൈദഗ്‌ദ്ധ്യം കാട്ടിയതായി ബിസിനസ് സമൂഹത്തിലുള്ളവർ പറയുന്നുണ്ട്. മാന്ദ്യം ഒരു പ്രചാരണായുധമാക്കി മാറ്റാനാണ് റിപ്പബ്ളിക്കൻസ് ശ്രമിക്കുന്നത്.

ട്രംപ് തോറ്റാൽ അധികാര കൈമാറ്റം എളുപ്പമാകില്ലെന്ന് ബൈഡൻ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.കലാപത്തിനു ശ്രമിക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. നികുതിവെട്ടിപ്പും ചൈനാ ബന്ധവും അടക്കം അനവധി വിവാദങ്ങളിൽ കുരുങ്ങിയ മകൻ ഹണ്ടർ ബൈഡന്റെ കാര്യത്തിൽ ബൈഡന് ആശങ്കകൾ ഏറെയുണ്ട്. ട്രംപ് അധികാരത്തിൽ തിരികെവന്നാൽ അന്വേഷണം നേരിടേണ്ടി വരുമെന്ന ഭയമാണ് ഇതിനു പിന്നിൽ. നിയമക്കുരുക്കിൽ വലഞ്ഞ ട്രംപ് പ്രതികാര നടപടികൾ സ്വീകരിച്ചേക്കുമെന്നും ബൈഡൻ കരുതുന്നു.

ഈ തിരഞ്ഞെടുപ്പ് സമീപകാലത്തെ ഏറ്റവും വീറും വാശിയുമേറിയ ഒന്നായിരിക്കും. വിദേശനയം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, എൽ.ജി.ബി.റ്റി.ക്യു അവകാശങ്ങൾ, ഹെൽത്ത് പോളിസി തുടങ്ങി അനവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ട്രാൻസ്ജെണ്ടേഴ്സിന്റെയടക്കം വിഷയങ്ങളിൽ ഉറച്ച നിലപാടുള്ളയാളാണ് കമലാ ഹാരിസ്. ട്രംപാകട്ടെ ഇതിനെയെല്ലാം എതിർക്കുന്നു. കമലാ ഹാരിസിന്റെ പിന്തുണ വർദ്ധിക്കുന്നതായി പറഞ്ഞതിന് ആക്കംകൂട്ടും വിധം ചില അഭിപ്രായ സർവേകളിൽ (42--37 ശതമാനം) അവർ ട്രംപിനെ പിന്നിലാക്കുന്നുമുണ്ട്. കമലയുമായി പ്രസിഡൻഷ്യൽ ഡിബേറ്റിന് ട്രംപ് തയ്യാറായതാണ് ഏറ്റവും ഒടുവിലത്തെ വിശേഷം. എ.ബി.സി നെറ്റ്‌വർക്കിൽ സെപ്റ്റംബർ പത്തിനാണ് ഡിബേറ്റ്. ബൈഡനുമായുള്ള ഡിബേറ്റ് 51 ദശലക്ഷം പേർ കണ്ടിരുന്നു. സെപ്റ്റംബർ 10 കഴിഞ്ഞ് ഫോക്സിലും എൻ.ബി.സിയിലും ഓരോ ഡിബേറ്റു കൂടി വേണമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. എതിരാളി കരുത്തയാണെന്ന് മനസിലായിട്ടാകും ട്രംപ് ഇതിനു വഴങ്ങിയത്.

ട്രംപ് ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇനിയുള്ള ദിവസങ്ങളിലെ സംസാരത്തിലാണെന്ന് ഉപദേശകർ നിർദ്ദേശിച്ചിട്ടുണ്ട്.വായിൽത്തോന്നുന്നത് വിളിച്ചുപറയുന്ന പ്രകൃതം കുഴിയിൽച്ചാടിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് ഉപദേശം. കമലാ ഹാരിസ് സ്ഥാനാർത്ഥിയായ ഉടനെ ട്രംപ് നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. കറുത്ത വർഗക്കാരൻ പ്രസിഡന്റാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ബരാക് ഒബാമ. രണ്ടു ടേം അദ്ദേഹം ഭരിച്ചു. ഒരു വനിത അമേരിക്കൻ പ്രസിഡന്റാകുമോ എന്ന ചോദ്യമാണ് ഈ തിരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നത്. നവംബർ അഞ്ചിന് തിരഞ്ഞെടുപ്പു കഴിഞ്ഞ് ജനുവരി 20-നാണ് പുതിയ പ്രസിഡന്റ് അധികാരമേൽക്കുക. ചരിത്രം രചിക്കപ്പെട്ടാൽ ലേഡി ലിബർട്ടി (സ്റ്റാച്യു ഒഫ് ലിബർട്ടി) പുഞ്ചിരിതൂകുമെന്നതിൽ സംശയമില്ല.

(അവസാനിച്ചു)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, AMERICA, LADY LIBERTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.