കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന എട്ട് ഏക്കർ 13 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം അട്ടിമറിക്കാൻ റവന്യു വകുപ്പിൽ ഗൂഢനീക്കം.
വില ഇടിച്ചുതാഴ്ത്തിയതിനെ തുടർന്ന് ഉടമ ഭൂമി വിട്ടുനൽകാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
കൊല്ലം കോർപ്പറേഷൻ ഇതേ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചപ്പാേൾ, സെന്റിന് 3.5 ലക്ഷം രൂപ വിലവരുമെന്നാണ് 2019ൽ കൊല്ലം തഹസീൽദാർ റിപ്പോർട്ട് നൽകിയത്. അതേ ഭൂമിക്ക് അഞ്ച് വർഷം പിന്നിടുമ്പോൾ സെന്റിന് 2.25 ലക്ഷം രൂപ മാത്രമാണ് വില്ലേജ് ഓഫീസർ നിർണയിച്ചിരിക്കുന്നത്.
17.68 കോടി രൂപ വില നിശ്ചയിച്ചുള്ള റിപ്പോർട്ടാണ് മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർ ആദ്യം നൽകിയത്. 2019ൽ വാങ്ങിയ വിലയുടെ വിവരങ്ങളും സമീപകാലത്ത് പ്രദേശത്ത് വില്പന നടത്തിയ ഭൂമിയുടെ ഉയർന്ന വിലയുടെ റിപ്പോർട്ടുകളും ഉടമ ഹാജരാക്കിയതോടെ വില പുനർനിർണയിക്കാൻ കളക്ടർ ആവശ്യപ്പെട്ടു.
എന്നിട്ടും വില്ലേജ് ഓഫീസർ ആദ്യ റിപ്പോർട്ട് തന്നെ നൽകി.
ഏഴ് മുതൽ പത്ത് ലക്ഷം രൂപവരെ വില ലഭിക്കാവുന്ന ഭൂമി നാല് ലക്ഷം രൂപ നിരക്കിൽ യൂണിവേഴ്സിറ്റിക്ക് നൽകാമെന്നാണ് ഉടമ സമ്മതപത്രം നൽകിയത്.
ഉദ്യോഗസ്ഥർ വില
കുറച്ചുകാണിച്ചു
# 2019ലെ വില പോലും കണക്കിലെടുത്തില്ല.
അഞ്ച് വർഷത്തിനിടയിലെ സ്വാഭാവിക വില വർദ്ധനയും പരിഗണിച്ചില്ല
# ഉദ്യോഗസ്ഥരെ കളക്ടർ വിളിച്ചുവരുത്തുകയും ഉടമ ഹാജരാക്കിയ വിവരങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയുംചെയ്തു. എന്നിട്ടും റവന്യു ഉദ്യോഗസ്ഥർ നിലപാട് മാറ്റിയില്ല.
കോടതി വഴി വാങ്ങിയത്
കരിക്കോട് ടി.കെ.എം ഷാഫി മൻസിലിൽ ജിന്ന ഷാഫി മുസലിയാർ 2015 ജനുവരി 9ന് കോടതി മുഖാന്തരമാണ് ഭൂമി വാങ്ങിയത്. ഭൂമിക്ക് 17,77,37,511 രൂപയായി. വിലയാധാര ചെലവുകൾ ഉൾപ്പടെ 20 കോടിയുടെ അടുത്ത് അന്ന് ചെലവ് വന്നിരുന്നു.
03.29 ഏക്കർ:
മുണ്ടയ്ക്കലെ ഭൂമി
17.68 കോടി:
വില്ലേജ് ഓഫീസർ
നിശ്ചയിച്ച വില
35 കോടി:
യൂണിവേഴ്സിറ്റിക്ക്
സർക്കാർ അനുവദിച്ചത്
10 കോടി:
ആദ്യഘട്ടം
നിർമ്മാണത്തിന്
'റവന്യു വകുപ്പ് വില കുറച്ച് കാണിക്കുന്നതിനാലാണ് ഭൂമി വാങ്ങൽ നീളുന്നത്. രണ്ട് വർഷത്തിനുള്ളിൽ ആസ്ഥാന മന്ദിരം നിർമ്മിക്കാനാണ് സർക്കാർ നിർദ്ദേശം"
-ഓപ്പൺ യൂണി. അധികൃതർ
വില്ലേജ് ഓഫീസർക്കെതിരെ ഓപ്പൺ
യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാനം നിർമ്മിക്കാൻ കൊല്ലം മുണ്ടയ്ക്കലുള്ള ഭൂമി വാങ്ങുന്നത് അട്ടിമറിക്കാൻ സ്ഥലവില കുറച്ചുകാണിച്ചെന്ന് ആരോപിച്ച് മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകാൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ തീരുമാനം.
പുനർമൂല്യനിർണയം നടത്തി വേഗത്തിൽ ഭൂമി ഏറ്റെടുക്കാനും സർക്കാരിനോട് ആവശ്യപ്പെടും.
സിൻഡിക്കേറ്റ് അംഗം അഡ്വ. ബിജു.കെ.മാത്യുവാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് അദ്ധ്യക്ഷനായി. പ്രോവൈസ് ചാൻസലർ ഡോ. എസ്.വി.സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.ശ്രീവത്സൻ, ഡോ. എ.പാസ്ലിതിൽ, ഡോ. എം.ജയപ്രകാശ്, ഡോ. സി.ഉദയകല, ഡോ. റെനി സെബാസ്റ്റ്യൻ, പ്രൊഫ. വിജയൻ, കുമാരി അനുശ്രീ തുടങ്ങിയവർ പ്രമേയത്തെ അനുകൂലിച്ചു. രണ്ട് മാസം മുമ്പാണ് മുണ്ടയ്ക്കലെ ഏട്ട് ഏക്കർ 13 സെന്റ് വസ്തുവിന്റെ വില നിർണയിക്കാൻ മുണ്ടയ്ക്കൽ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയത്. 2019ൽ ഈ ഭൂമി കോർപ്പറേഷൻ ഏറ്രെടുക്കാൻ ഒരുങ്ങിയപ്പോൾ 27.77 കോടി രൂപയാണ് വില്ലേജ് ഓഫീസർ നിശ്ചയിച്ചത്. എന്നാൽ ഇപ്പോൾ 17.68 കോടിയുടെ വില നിർണയ റിപ്പോർട്ടാണ് നൽകിയത്. ഇതിനോട് ഭൂവുടമ വിയോജിച്ചതോടെ കളക്ടർ പുനർ വിലനിർണയ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും വില്ലേജ് ഓഫീസർ ആദ്യ റിപ്പോർട്ട് ആവർത്തിക്കുകയായിരുന്നു. കുറഞ്ഞ വില നിശ്ചയിച്ച വില്ലേജ് ഓഫീസറുടെ നടപടി ദുരുദ്ദേശപരമാണെന്ന് സിൻഡിക്കേറ്റ് യോഗത്തിൽ ആരോപണം ഉയർന്നു. ഭൂമി ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ലഭിക്കാതിരിക്കാൻ ഗൂഢനീക്കം നടക്കുന്നുവെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ കുറ്രപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |