തിരുവനന്തപുരം: പൗഡിക്കോണത്ത് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയ് കൊലക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ജോയിയെ ആക്രമിച്ച പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയയാളാണ് കസ്റ്റഡിയിലുള്ളത്. വെഞ്ഞാറമൂടിന് സമീപം മുക്കുന്നുമൂട് സ്വദേശി സുബിന്‍ ആണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പൗഡിക്കോണം സൊസൈറ്റി ജംഗ്ഷന് സമീപത്തുവെച്ച് ജോയിക്ക് വെട്ടേറ്റത്.
ഓട്ടായില്‍ സഞ്ചരിക്കുകയായിരുന്ന ജോയിയെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കാലുകള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോയ്. കാപ്പ കേസില്‍ ജയിലിലായിരുന്ന ജോയ് രണ്ട് ദിവസം മുമ്പ് മാത്രമാണ് ജയില്‍ മോചിതനായി പുറത്തിറങ്ങിയത്.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്ന് ശ്രീകാര്യം പൊലീസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കുറ്റിയാണി സ്വദേശികളായ സജീര്‍, അന്‍ഷാദ്, അന്‍വര്‍, ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആറ് മാസം മുമ്പ് പോത്തന്‍കോട് പ്ലാമൂട് നടന്ന വെട്ടുകേസിന്റെ പ്രതികാരമാണ് ജോയിയുടെ കൊലപാതകമെന്നാണ് വിവരം. ജോയി ജയില്‍മോചിതനായ വിവരം അറിഞ്ഞ പ്രതികള്‍ ഇയാളെ കൊലപ്പെടുത്താന്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നാണ് ശ്രീകാര്യം പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |