@ പേരാമ്പ്രയ്ക്കും കക്കോടിയ്ക്കും ഒന്നാം സ്ഥാനം
കോഴിക്കോട്: ആരോഗ്യ മേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആർദ്ര കേരളം പുരസ്‌കാരം. പേരാമ്പ്ര, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തുകളും കക്കോടി,പെരുമണ്ണ, അരിക്കുളം ഗ്രാമപഞ്ചായത്തുകളുമാണ് പുരസ്കാരത്തിന് അർഹമായത്. ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് പത്തുലക്ഷവും രണ്ടാം സ്ഥാനത്തിന് അർഹമായ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് അഞ്ചുലക്ഷം രൂപയും സമ്മാനമായി ലഭിക്കും. പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കക്കോടിയ്ക്ക് അഞ്ചു ലക്ഷവും രണ്ടാം സ്ഥാനം നേടിയ പെരുമണ്ണ പഞ്ചായത്തിന് മൂന്നു ലക്ഷവും മൂന്നാം സ്ഥാനം നേടിയ അരിക്കുളം പഞ്ചായത്തിന് രണ്ട് ലക്ഷം രൂപയും ലഭിക്കും.
ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാദ്ധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുമാണ് പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നടത്തിയ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |