മാഹി: കേവലം ഒൻപത് ചതുരശ്ര കി.മീ മാത്രം വിസ്തീർണ്ണമുള്ള മാഹിയിൽ നിലവിലുള്ളത് 38 പെട്രോൾ പമ്പുകൾ. ഇതിന് പുറമെ 44 പമ്പുകൾക്ക് കൂടി അപേക്ഷ നൽകി ലൈസൻസിന് കാത്തു നിൽക്കുകയാണ്. പെട്രോൾ പമ്പുകളുടെയും മദ്യശാലകളുടെയും കാര്യത്തിൽ മാഹി ലോക റെക്കാഡിലേക്ക് നീങ്ങുകയാണെന്ന് തന്നെ പറയാം. കേരളത്തിലെ ഒരു ചെറുപഞ്ചായത്തിന്റെ പോലും വലുപ്പം മാഹിക്കില്ലെന്നിരിക്കെയാണിത്.
2009 ൽ പുതിയ പമ്പുകൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ തലശേരി- മാഹി ബൈപാസ് റോഡ് വന്നതോടെ വിവിധ ഓയിൽ കമ്പനികൾ ഹൈവേയുടെ ഇരുവശങ്ങളിലും, പുറത്തും മുക്കിന് മുക്കിന് പമ്പുകൾ അനുവദിക്കുകയാണ്. മൂലക്കടവ്, മാഹി ടൗൺ, പള്ളൂർ മേഖലയിൽ നോക്കുന്നിടത്തെല്ലാം നിലവിൽ പമ്പുകളുണ്ട്. പല പമ്പുകളുടേയും സമീപങ്ങളിലുള്ളവർ വീട്ടുകിണർ മലീനമായതോടെ വീടുകൾ വിറ്റ് മറ്റിടങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ജനസാന്ദ്രയേറിയ മേഖലകളിലാണ് പമ്പുകൾ നിരനിരയായും അഭിമുഖമായുമൊക്കെ വന്നിട്ടുള്ളത്. ഉടമകളിൽ മിക്കവരും മയ്യഴിക്ക് പുറത്ത് നിന്നുള്ളവരാണ്.
ബൈപ്പാസ് റോഡിന് സമാന്തരമായി കടന്നുപോകുന്ന സർവീസ് റോഡുകളിൽ പുതിയ പമ്പുകൾക്കായി തകൃതിയായി പണി നടക്കുന്നുണ്ട്. നിന്നുതിരിയാൻ കഴിയാത്തവിധം ഇടുങ്ങിയ സർവ്വീസ് റോഡുകളിൽ വാഹനക്കുരുക്ക് പതിവായിട്ടുണ്ട്. സർവ്വീസ് റോഡുകൾ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. ചിലയിടങ്ങളിൽ പണി പൂർത്തിയാകാതെ കിടക്കുന്നുമുണ്ട്.
കേവലം ഒന്നര കി.മീ. ദൂരത്തിലൂടെയാണ് മാഹിയിൽപ്പെട്ട പള്ളൂരിലൂടെ ബൈപാസ് കടന്നുപോകുന്നത്.
ചാലക്കര, പന്തക്കൽ, ഗ്രാമത്തി, പള്ളൂർ മേഖലകളിലാണ് 44 പുതിയ പെട്രോൾ പമ്പുകൾക്കായി അനുമതി തേടിയിട്ടുള്ളത്. ഇവകൂടി വന്നാൽ അത് ലോക റെക്കാഡാവും, 45000 ജനസംഖ്യയും 15,000 വാഹനങ്ങളുമുള്ള മാഹിയിൽ ഇത്രയേറെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിനെതിരെ വ്യാപകമായ പരാതികളുയർന്നിട്ടുണ്ട്. നിലവിലുള്ള പമ്പുകളിലെ ടാങ്കുകളുടെ ചോർച്ച പോലും യഥാസമയം പരിശോധിക്കപ്പെടാത്തതിനാൽ സമീപ പ്രദേശങ്ങളിലെ വീട്ടുകാർ അനുഭവിക്കുന്ന ദുരിതം വിവരിക്കാനാവാത്തതാണ്.
മദ്യശാലകൾ 70
മദ്യത്തിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഗണ്യമായ വിലക്കുറവുള്ള മാഹിയിൽ മൊത്ത ചില്ലറക്കടകളായി എഴുപതോളം മദ്യശാലകൾ നിലവിലുണ്ട്. ഇതിന് പുറമെ പലയിടങ്ങളിലും പടക്കശാലകളും ഇവയോട് തൊട്ടുരുമ്മിക്കിടക്കുന്നുമുണ്ട്. പടക്കവും, പെട്രോളിയവും, മദ്യവുമെല്ലാം എളുപ്പം തീപിടിക്കുന്നവയായതിനാൽ, ഒരു ദുരന്തമുണ്ടായാൽ നഗരത്തിന് അത് താങ്ങാനാവില്ലെന്ന് മയ്യഴിക്കാർ ഭയപ്പെടുന്നു. മുമ്പ് മാഹി ചൂടിക്കോട്ട പ്രശസ്തമായ പടക്ക നിർമ്മാണ കേന്ദ്രമായിരുന്നു. ഒരു ദുരന്തത്തെത്തുടർന്നാണ് പടക്ക നിർമ്മാണം നിലയ്ക്കാനിടയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |