കാട്ടാക്കട: സി.പി.എമ്മിന്റെ കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസ് ഇരുചക്രവാഹനങ്ങളിൽ ആയുധങ്ങളുമായെത്തിയ ഇരുപതോളം പേർ ആക്രമിച്ചു. അലമാരയും മേശകളും കസേരകളും ക്യാരംസ് ബോർഡും തല്ലിത്തകർത്തു. ഓഫീസിൽ കാരംസ് കളിക്കുകയായിരുന്ന ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേരെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.
ഇന്നലെ വൈകിട്ട് കട്ടയ്ക്കോട് ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. അതിന് പിന്നാലെയാണ് രാത്രി ആക്രമണമുണ്ടായത്. ആറ് മാസം മുൻപ് കിള്ളിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കട്ടയ്ക്കോട് ഫുട്ബാൾ കളിക്കാൻ എത്തിയിരുന്നു. ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കാട്ടാക്കട പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയതോടെ ഇയാൾ രക്ഷപ്പെട്ടു. പിന്നീട് അക്രമികൾ തിരിച്ചെത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പരിക്കേറ്റ പ്രവർത്തകരെ കാട്ടാക്കട ആശുപത്രിയിലെത്തിച്ചത്. പിന്നാലെയാണ് ആശുപത്രിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഏരിയാ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായത്. ഓഫീസിന്റെ താഴത്തെ നിലയിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് അക്രമികൾ സ്‌കൂട്ടറുകൾ ഓടിച്ചു കയറ്റി. പരുക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കാട്ടാക്കട ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ സഞ്ചരിച്ച സ്കൂട്ടർ പാർട്ടി ഓഫീസ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അക്രമികളെ അറസ്റ്റ് ചെയ്യണം : സി.പി.എം
സംഭവത്തിൽ സി.പി.എം ശക്തമായി പ്രതിഷേധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കാട്ടാക്കട ഏരിയാ സെക്രട്ടറി കെ.ഗിരി ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |